കണ്ണൂർ: പി.പി ദിവ്യയ്‌ക്കെതിരെ നടപടി എടുക്കുന്നത് പാർട്ടിയുടെ ആഭ്യന്തര പ്രശ്‌നമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. അത് പാർട്ടി ചർച്ച ചെയ്യേണ്ടതാണ്. ജില്ലാ കമ്മിറ്റിയും സംസ്ഥാന കമ്മിറ്റിയും ഒക്കെ ആലോചിച്ച് വേണം ആ കാര്യങ്ങൾ തീരുമാനിക്കാനെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
എഡിഎമ്മിന്റെ മരണവുമായി ബന്ധപ്പെട്ട് ഗുരുതരമായ ആരോപണങ്ങൾ ഉയർന്നിട്ടും ദിവ്യ ഇപ്പോഴും സിപിഎം ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടെ തുടരുന്നുണ്ട്. വിവാദമായ ചെങ്ങളായിയിലെ പെട്രോൾ പമ്പുമായി ബന്ധപ്പെട്ട് അഴിമതി ആരോപണം ഉൾപ്പെടെ ഉയർന്നിട്ടും ദിവ്യയ്‌ക്കെതിരെ യാതൊരു നടപടിയും പാർട്ടി തലത്തിൽ കൈക്കൊണ്ടിട്ടില്ല. പിടിച്ചുനിൽക്കാൻ വഴിയില്ലാതെ വന്നപ്പോഴാണ് ജില്ലാ പഞ്ചായത്ത് അദ്ധ്യക്ഷ സ്ഥാനം രാജിവെച്ചത്. ഇന്നലെ നടന്ന അറസ്റ്റിൽ ഉൾപ്പെടെ പാർട്ടിയും പൊലീസും ദിവ്യയ്‌ക്ക് ഒരുക്കുന്ന സംരക്ഷണം തെളിയിക്കുന്നതായിരുന്നു. ഇതിനെതിരെയും വലിയ വിമർശനങ്ങളാണ് ഉയർന്നത്.
അതേസമയം ദിവ്യയുടെ അറസ്റ്റുമായി ബന്ധപ്പെട്ട് മാദ്ധ്യമങ്ങളെ കുറ്റപ്പെടുത്താനാണ് എംവി ഗോവിന്ദൻ ശ്രമിച്ചത്. പൊലീസ് ഒരു തെറ്റും ചെയ്തിട്ടില്ല. ശരിയായ നിലപാടാണ് പൊലീസ് സ്വീകരിച്ചത്. എന്ത് നാടകമാണ്? എന്നാൽ പിന്നെ സിനിമ ആയിക്കൂടെ? എന്തിനാണ് നാടകമാക്കുന്നത്. ശുദ്ധ അസംബന്ധമാണ് നിങ്ങൾ ഇന്നലെ പറഞ്ഞുകൊണ്ടിരുന്നതെന്ന് എംവി ഗോവിന്ദൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.
പ്രതിയായി തീരുമാനിക്കപ്പെട്ട ഒരാളെ അറസ്റ്റ് ചെയ്താൽ കോടതിക്ക് മുൻപിലും ആശുപത്രിയിലും ജയിലിലും ഹാജരാക്കണം. അതല്ലേ നടന്നത്. രാത്രിയായതുകൊണ്ട് സ്വാഭാവികമായി കോടതിയില്ല അതിന് ഉത്തരവാദിത്വപ്പെട്ട മജിസ്‌ട്രേറ്റിന് മുൻപിൽ ഹാജരാക്കി അതിന് മുൻപ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. അതിന് ശേഷം കണ്ണൂർ സെൻട്രൽ ജയിലിന് അടുത്തുളള വനിതാ ജയിലിലേക്ക് എത്തിച്ചു. ഇത്രയും കാര്യങ്ങൾ ചെയ്തിട്ടും മാദ്ധ്യമങ്ങൾ ആവശ്യമില്ലാത്ത വാർത്തകളാണ് കൊടുത്തുകൊണ്ടിരിക്കുന്നത്. ഇതൊന്നും ജനാധിപത്യപരമല്ലെന്നും എംവി ഗോവിന്ദൻ പറഞ്ഞു.















