തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രനെതിരായ കേസിൽ കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്തണമെന്ന കെഎസ്ആർടിസി ഡ്രൈവർ യദുവിന്റെ ഹർജി കോടതി തള്ളി. സ്വാധീനത്തിന് വഴങ്ങാതെ അന്വേഷണം നടത്തണമെന്ന് അന്വേഷണ ഉദ്യോഗസ്ഥരോട് കോടതി നിർദേശിച്ചു.
കേസിലെ പ്രതികളായ മേയർ ആര്യ രാജേന്ദ്രൻ, ഭർത്താവ് സച്ചിൻദേവ് എംഎൽഎ എന്നിവരുടെ സ്വാധീനം ഉണ്ടാകരുതെന്നും ശാസ്ത്രീയമായ തെളിവുകൾ ഉൾപ്പെടെ അന്വേഷണ സംഘം ശേഖരിക്കണമെന്നും കോടതി വ്യക്തമാക്കി. അന്വേഷണത്തിൽ കാലതാമസം ഉണ്ടാകരുതെന്നും കൃത്യമായി നടത്തണമെന്നും കോടതി നിർദേശിച്ചു.
അന്വേഷണത്തിനുള്ള പൂർണ സ്വാതന്ത്ര്യം അന്വേഷണ ഉദ്യോഗസ്ഥനുണ്ടെങ്കിലും കോടതി നിർദേശങ്ങൾ കൃത്യമായ പാലിക്കണമെന്ന് കോടതി വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട് ലഭിക്കുന്ന തെളിവുകൾ അപ്പോൾ തന്നെ കോടതിയിൽ ഹാജരാക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.
അന്വേഷണം സത്യസന്ധമായി നടത്തണമെന്ന് കോടതി നിർദേശിച്ചെന്നും അസഭ്യം പറഞ്ഞു, ബസിനുള്ളിൽ അതിക്രമിച്ച് കയറി എന്നീ കേസുകൾ നിലനിൽക്കില്ലെന്നും യദുവിന്റെ അഭിഭാഷകൻ പ്രതികരിച്ചു.















