കൊച്ചി: മുനമ്പത്തെ വഖഫ് അധിനിവേശത്തിൽ സിനിമ- രാഷ്‌ട്രീയ സാംസ്കാരിക മേഖലയിലെ പ്രമുഖർ തുടരുന്ന മൗനത്തിൽ സോഷ്യൽ മീഡിയയുടെ പരിഹാസം. ലക്ഷദ്വീപിന്‍റെ പേരിൽ വിലപിച്ച സിനിമ നായകർ മുനമ്പം കണ്ടില്ലെന്ന് നടിക്കുകയാണ്. മതം നോക്കി മാത്രമാണ് കേരളത്തിലെ സിനിമ പ്രവർത്തകർ പ്രതികരിക്കാറുള്ളെന്നും വിമർശനം ഉയരുന്നു. “ഓൾ ഐസ് ഓൺ മുനമ്പം ”, ജസ്റ്റിസ് ഫോർ മുനമ്പം എന്ന ഹാഷ് ടാഗുകളിൽ സമൂഹ മാദ്ധ്യമങ്ങളിൽ ക്യാമ്പയ്നും ആളിപ്പടരുകയാണ്.
വഖഫ് ബോർഡ് അവകാശ വാദമുന്നയിച്ചതോടെ 610 കുടുംബങ്ങളാണ് കുടിയിറക്ക് ഭീഷണി നേരിടുന്നത്. ഇത്ര ഗുരുതര വിഷയമായിട്ടും കണ്ടില്ലെന്ന നിലപാടാണ് ഇടത്-വലത് മുന്നണികളും സാംസ്കാരിക നായകരും സ്വീകരിക്കുന്നത്. സ്വന്തം കിടപ്പാടം സംരക്ഷിക്കാൻ മുനമ്പം ജനത ആരംഭിച്ച സമരം ദിവസങ്ങൾ പിന്നിടുന്നു. എന്നാൽ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചത് ബിജെപിയും എസ്എൻഡിപിയും ഹിന്ദു ഐക്യവേദിയും ക്രൈസ്തവ സഭകളും മാത്രമാണ്.
ചെറുതും വലുതുമായ ഉടൻ പ്രതികരിക്കുന്ന പലരും മുമ്പത്തിന്റെ കാര്യത്തിൽ മൗനം തുടരുകയാണ്. ഈ സാഹചര്യത്തിലാണ് സമൂഹ മാദ്ധ്യമങ്ങളിൽ സിനിമ- സാസ്കാരിക- രാഷ്‌ട്രീയ മേഖലയിലുള്ളവർക്കതിരെ പ്രതിഷേധം ഉയരുന്നത്. ലക്ഷദ്വീപിനായി സമൂഹ മാദ്ധ്യമങ്ങളിൽ കണ്ണീരണിഞ്ഞ കേരളത്തിലെ ചലചിത്ര പ്രവർത്തകർ, നിരവധി സിനിമകൾക്ക് ലൊക്കേഷനായി മുനമ്പത്തെ പറ്റി ഒരക്ഷരം മിണ്ടുന്നില്ല. മതം നോക്കി മാത്രമാണ് സിനിമ പ്രവർത്തകർ പ്രതികരിക്കാറുള്ളതെന്നും വിമർശനവും ശക്തമാണ്.















