കോഴിക്കോട്: കരിപ്പൂരിൽ നിന്ന് യുഎഇയിലേക്ക് പോകേണ്ട വിമാനത്തിനെതിരെ വ്യാജ ബോംബ് ഭീഷണി ഉയർത്തിയ യുവാവ് പിടിയിൽ. കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് അബുദാബിയിലേക്ക് പോകേണ്ട എയർ അറേബ്യയുടെ 3L 204 എന്ന വിമാനത്തിൽ ബോംബുണ്ടെന്ന് ഭീഷണിപ്പെടുത്തി സന്ദേശമയച്ചയാളെയാണ് കരിപ്പൂർ പൊലീസ് അറസ്റ്റ് ചെയ്തത്. പാലക്കാട് അനങ്ങനാടി കോതകുറിശി ഓവിങ്ങൽ വീട്ടിൽ മുഹമ്മദ് അശ്റഫിന്റെ മകൻ മുഹമ്മദ് ഇജാസ് (26) ആണ് അറസ്റ്റിലായത്.
എയർപോർട്ട് ഡയറക്ടറുടെ ഇ-മെയിലിലേക്കാണ് ഇയാൾ ഭീഷണി സന്ദേശം അയച്ചത്. തുടർന്ന് എയർപോർട്ട് അധികൃതർ കരിപ്പൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതോടെയാണ് പ്രതി പിടിയിലായത്. അറസ്റ്റ് ചെയ്തത ഇജാസിനെ മഞ്ചേരി ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റിന് മുമ്പാകെ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. നിലവിൽ മഞ്ചേരി സബ് ജയിലിലാണ് പ്രതി.