തിരുവനന്തപുരം: പ്രതികൂല സാഹചര്യങ്ങളോട് പൊരുതി നേടിയതാണ് തന്റെ വിജയങ്ങളെന്ന് ഹോക്കി താരം പി ആർ ശ്രീജേഷ്. പാരിസ് ഒളിമ്പിക്സിലെ വെങ്കല മെഡൽ നേട്ടത്തിന് സംസ്ഥാനസർക്കാർ ആദരിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു ശ്രീജേഷ്. അടുത്ത തവണ ഒളിമ്പിക് മെഡൽ നേടിയ ഹോക്കി ടീമിന്റെ പരിശീലകനായി സ്വീകരണം ഏറ്റുവാങ്ങണമെന്നാണ് തന്റെ ആഗ്രഹമെന്നും താരം പറഞ്ഞു.
ആദ്യകാലങ്ങളിൽ വളരെയേറെ ബുദ്ധിമുട്ടിയാണ് മത്സരങ്ങൾക്ക് പോയിരുന്നത്. നല്ലൊരു ഷൂസ് പോലും സ്വന്തമായി ഉണ്ടായിരുന്നില്ലെന്ന് അദ്ദേഹം വേദിയിലിരുന്ന കുട്ടികളോട് പറഞ്ഞു.
“നിങ്ങളിടുന്ന ഷൂവിനേക്കാൾ മോശപ്പെട്ടതാണ് ഞാൻ മത്സരങ്ങൾക്ക് ഇട്ടിരുന്നത്. കീറിയ ഷൂവും ജേഴ്സിയുമിട്ടാണ് പല മത്സരങ്ങൾക്ക് പോയതും പല മത്സരങ്ങളും ജയിച്ചതും” ശ്രീജേഷ് പറഞ്ഞു.
പത്താം ക്ലാസ്സിലും പ്ലസ് ടുവിലും ലഭിക്കുന്ന ഗ്രേസ് മാർക്ക് സ്വപ്നം കണ്ടാണ് ജിവി രാജ സ്പോർട്സ് സ്കൂളിൽ പോകുന്നത്. അവിടെ നിന്നുമാണ് ഒളിമ്പിക് മെഡൽ വരെയെത്തിയതെന്നും അദ്ദേഹം പറഞ്ഞു. അറുപത് മാർക്ക് മാത്രം സ്വപ്നം കണ്ട തനിക്ക് രണ്ട് ഒളിമ്പിക് മെഡലുകൾ നേടാനായെങ്കിൽ തന്റെ മുന്നിലിരിക്കുന്ന അനുജന്മാർക്കും അനുജത്തിമാർക്കും അതിലും വലിയ വിജയങ്ങൾ നേടാനാകും. വലിയ സ്വപ്‌നങ്ങൾ കാണണമെന്നും അത് യാഥാർഥ്യമാക്കാൻ കഠിനാധ്വാനം ചെയ്യണമെന്നും അദ്ദേഹം കുട്ടികളോട് പറഞ്ഞു. അന്താരാഷ്‌ട്ര ഹോക്കിയിൽ നിന്നും വിരമിച്ച താരം ഇന്ത്യൻ ടീമിന്റെ പരിശീലകനാവാനും ഒരുങ്ങുകയാണ്