കൊച്ചി; ലൈംഗികാതിക്രമ കേസിൽ നടനും സംവിധായകനുമായ ബാലചന്ദ്ര മേനോന് ഇടക്കാല മുൻകൂർ ജാമ്യം. ഹൈക്കോടതിയാണ് നവംബർ 21 വരെ ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചത്.
ആലുവ സ്വദേശിനിയായ നടിയുടെ പരാതിയിന്മേലാണ് കേസ്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്യാൻ കാലതാമസം ഉണ്ടായതിൽ വിശ്വസനീയ കാരണങ്ങളില്ലെന്ന് വിലയിരുത്തിയാണ് കോടതിയുടെ നടപടി. അറസ്റ്റുണ്ടാകുന്ന പക്ഷം ഒരു ലക്ഷം രൂപയുടെ ബോണ്ട് , തത്തുല്യ ആൾ ജാമ്യ വ്യവസ്ഥയിലും വിട്ടയയ്‌ക്കണമെന്നാണ് ഇടക്കാല ഉത്തരവ്. ജസ്റ്റീസ് സി.എസ് ഡയസ് ആണ് ജാമ്യഹർജി പരിഗണിച്ചത്.
ഭീഷണിപ്പെടുത്തി പണം തട്ടാനുളള ശ്രമമാണ് നടന്നതെന്ന് ബാലചന്ദ്ര മേനോൻ കോടതിയിൽ വാദിച്ചു. ആരോപണം ഉയർന്നതിന് പിന്നാലെ ഡിജിപിക്കും ബാലചന്ദ്രമേനോൻ പരാതി നൽകിയിരുന്നു. നടിയുടെ അഭിഭാഷകൻ ബ്ലാക്ക് മെയിൽ ചെയ്ത് പണം തട്ടാൻ ശ്രമിച്ചുവെന്ന് ആരോപിച്ചും പരാതി നൽകിയിരുന്നു.
2007 ൽ ദേ ഇങ്ങോട്ട് നോക്കിയെ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ നടിയെ ഹോട്ടലിൽ വെച്ച് പീഡിപ്പിച്ചു എന്നാണ് പരാതി. തിരുവനന്തപുരം കന്റോൺമെന്റ് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. കേസിൽ വഞ്ചിയൂർ കോടതിയിൽ വെച്ച് കഴിഞ്ഞ ദിവസം രഹസ്യ മൊഴിയും രേഖപ്പെടുത്തിയിരുന്നു.