തിരുവനന്തപുരം: തൃശൂർ പൂരം അലങ്കോലപ്പെടുത്തിയതുമായി ബന്ധപ്പെട്ട കേസ് സിബിഐയ്‌ക്ക് വിടാനുള്ള ചങ്കൂറ്റം സർക്കാരിനുണ്ടോയെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. താൻ ആംബുലൻസിൽ വന്നിറങ്ങിയെന്ന് പറയുന്നയാളുടെ മൊഴി എടുത്തിട്ടുണ്ടെങ്കിൽ എന്തുകൊണ്ടാണ് അതിന്റെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുക്കാത്തതെന്നും സുരേഷ് ഗോപി ചോദിച്ചു. തിരുവനന്തപുരത്ത് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.
കരുവന്നൂർ വിഷയമാണ് ജനങ്ങൾ എനിക്ക് വോട്ട് ചെയ്യാനുള്ള പ്രധാന കാരണം. അത് മറയ്‌ക്കാനുള്ള ശ്രമമാണ് പൂരം കലക്കൽ ആരോപണം. 15 ദിവസം കാൽ ഇഴച്ചാണ് നടന്നത്. മൂന്ന്, നാല് മണിക്കൂർ ഞാൻ സഞ്ചരിച്ചിരുന്ന വാഹനം ആക്രമിക്കാൻ അവർ ശ്രമിച്ചു. ഒരു രാഷ്‌ട്രീയവുമില്ലാത്ത സാധാരണക്കാരായ ചെറുപ്പാക്കാരാണ് എന്നെ അവിടെ നിന്ന് രക്ഷിച്ചത്. ആ സമയത്താണ് ഞാൻ ആംബുലൻസിൽ കയറിയത്.
പൂരം കലക്കലുമായി ബന്ധപ്പെട്ട കേസ് അവർ സിബിഐയ്‌ക്ക് വിട്ട് അന്വേഷിച്ചാൽ അവരുടെ രാഷ്‌ട്രീയമെല്ലാം കത്തിനശിച്ച് പോകും. അതിനുള്ള ധൈര്യം അവർക്കുണ്ടോ.
സിബിഐ അന്വേഷിച്ചാൽ ഇവരുടെ അന്തസ് ഇല്ലാതാകും. സത്യം പുറത്ത് വരണമെങ്കിൽ സിബിഐ കേസ് അന്വേഷിക്കണം.
മാദ്ധ്യമങ്ങൾ ജനപക്ഷത്തല്ല. മാദ്ധ്യമങ്ങൾ ജനങ്ങൾക്ക് വേണ്ടിയല്ല, പ്രവർത്തിക്കുന്നത്. മാദ്ധ്യമങ്ങൾ ജനങ്ങളെ സത്യം അറിയിച്ചില്ലെങ്കിലും അവരറിയുന്ന സത്യത്തെ ഇല്ലാതാക്കരുതെന്നും സുരേഷ് ഗോപി പറഞ്ഞു.