ജോധ്പൂർ: രണ്ട് ദിവസം മുൻപ് കാണാതായ ബ്യൂട്ടീഷനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. വെട്ടിനുറുക്കി കഷ്ണങ്ങളാക്കി പ്ലാസ്റ്റിക് ബാഗിൽ സൂക്ഷിച്ച നിലയിലായിരുന്നു മൃതദേഹം. 50 വയസുള്ള അനിത ചൗധരിയാണ് കൊല്ലപ്പെട്ടത്. രാജസ്ഥാനിലെ ജോധ്പൂരിലാണ് സംഭവം.
അനിതയെ കാണാനില്ലെന്ന പരാതി കഴിഞ്ഞ ദിവസമായിരുന്നു ഭർത്താവ് നൽകിയത്. ഒക്ടോബർ 28 മുതൽ അനിതയെ കാണാതായിരുന്നു. ഉച്ചയ്‌ക്ക് ശേഷം ബ്യൂട്ടിപാർലർ അടച്ചിറങ്ങിയ അനിത നേരം ഇരുട്ടിയിട്ടും വീട്ടിലെത്തിയില്ല. ഇതോടെ ഭർത്താവ് മൻമോഹൻ ചൗധരി ജോധ്പൂർ പൊലീസിനെ സമീപിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണം ചെന്നെത്തിയത് ഗുലാമുദ്ദീൻ എന്ന ഗുൽ മുഹമ്മദിലേക്കാണ്.
അനിതയുടെ ബ്യൂട്ടിപാർലർ പ്രവർത്തിക്കുന്ന അതേ കെട്ടിടത്തിലെ മറ്റൊരു കടയുടമയാണ് ഗുൽ മുഹമ്മദ്. ഒരേസ്ഥലത്ത് ജോലി ചെയ്യുന്നതിനാൽ അനിതയും ഗുൽമുഹമ്മദും പരിചയക്കാരായിരുന്നു. അനിതയുടെ കോൾ ഹിസ്റ്ററി പരിശോധിച്ചതിൽ നിന്നാണ് അനിതയെ കാണാതായ ദിവസം ഗുൽമുഹമ്മദ് പലതവണ ഫോൺ ചെയ്തിരുന്നുവെന്ന വിവരം പൊലീസിന് ലഭിച്ചത്.
ബ്യൂട്ടിപാർലർ അടച്ച് പുറത്തിറങ്ങിയ അനിത ഒരു ഓട്ടോറിക്ഷ പിടിച്ച് ഗുൽമുഹമ്മദിന്റെ താമസസ്ഥലത്തേക്ക് എത്തിയിരുന്നു. ഓട്ടോ ഡ്രൈവറെ ചോദ്യം ചെയ്തതിൽ നിന്നാണ് ഇക്കാര്യം പൊലീസ് കണ്ടെത്തിയത്. ഗുൽമുഹമ്മദിന്റെ വീട്ടിലെത്തിയ പൊലീസ് ഇയാളുടെ ഭാര്യയെ ചോദ്യം ചെയ്തു. കഴിഞ്ഞ കുറച്ചുദിവസമായി ഇവർ വീട്ടിലില്ലായിരുന്നുവെന്നും തിരിച്ചുവന്നപ്പോൾ ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് ഭർത്താവ് ഗുൽ മുഹമ്മദ് നടത്തിയതെന്നും ഭാര്യ പറഞ്ഞു. അനിത ഇവിടെ വന്നിരുന്നു, അവളെ കൊന്ന് കഷ്ണങ്ങളാക്കി വീടിന് പിറകിൽ കുഴിച്ചിട്ടുവെന്ന് ഭർത്താവ് തന്നോട് പറഞ്ഞതായി ഇവർ പൊലീസിന് മൊഴി നൽകി. ഗുൽമുഹമ്മദിന് വീടിന് പിറക് വശത്ത് നടത്തിയ പരിശോധനയിൽ 12 അടി താഴ്ചയിൽ നിന്നാണ് അനിതയുടെ മൃതദേഹം വെട്ടിനുറുക്കിയ നിലയിൽ കണ്ടെത്തിയത്.
രണ്ട് പ്ലാസ്റ്റിക് ബാഗുകളിലായി ആറ് കഷ്ണങ്ങളാക്കിയ നിലയിലായിരുന്നു അനിതയുടെ മൃതദേഹം. എന്തുകൊണ്ടാണ് ഗുൽമുഹമ്മദ് കൃത്യം നടത്തിയതെന്ന് വ്യക്തമല്ല. സംഭവത്തിന് ശേഷം ഇയാൾ ഒളിവിലാണ്. മൃതദേഹം നിലവിൽ പോസ്റ്റ്മോർട്ടം നടപടികൾക്കായി എയിംസിലേക്ക് മാറ്റിയിരിക്കുകയാണ്. കൊലപാതകത്തിൽ വിശദമായ അന്വേഷണം നടത്തണമെന്നാണ് അനിതയുടെ കുടുംബം ആവശ്യപ്പെടുന്നത്. ഒളിവിൽ പോയ ഗുൽമുഹമ്മദിനായി തിരച്ചിൽ ആരംഭിച്ചുവെന്ന് പൊലീസ് അറിയിച്ചു.