എറണാകുളം: ഏലൂരിൽ യുവതിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ യുവാവ് പിടിയിൽ. മുളവുകാട് സ്വദേശി ദീപുവാണ് പിടിയിലായത്. യുവതിയുടെ പേരിലുള്ള ഓട്ടോയായിരുന്നു ദീപു ഓടിച്ചിരുന്നത്.
ഓട്ടോയുടെ വാടക കൃത്യമായി നൽകാത്തതിന്റെ പേരിൽ യുവതിയും ദീപുവും തമ്മിൽ വാക്കുതർക്കം നിലനിന്നിരുന്നു. ഇതിന്റെ പ്രകോപനത്തിൽ ദീപു, യുവതിയെ വാക്കത്തി കൊണ്ട് വെട്ടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസം രാത്രി 8 മണിയോടെയായിരുന്നു ആക്രമണം. യുവതിയുടെ കഴുത്തിനാണ് വെട്ടേറ്റത്. ആക്രമണം നടത്തിയ ശേഷം ദീപു ഓടി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ഗുരുതരമായി പരിക്കേറ്റ യുവതി ആശുപത്രിയിൽ ചികിത്സയിലാണ്.















