റാഞ്ചി: ഝാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്റെ വയസുമായി ബന്ധപ്പെട്ട് പുതിയ വിവാദം. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ സോറന് ഏഴ് വയസ് കൂടിയെന്ന് ബിജെപി നേതൃത്വം പരിഹസിച്ചു. 2019ലെ തെരഞ്ഞെടുപ്പ് സമയത്ത് തനിക്ക് 42 വയസ് ആണെന്നായിരുന്നു ഝാർഖണ്ഡ് മുക്തി മോർച്ച നേതാവായ സോറൻ സാക്ഷ്യപ്പെടുത്തിയത്. എന്നാൽ ഇപ്പോൾ വീണ്ടുമൊരു നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ സോറൻ നൽകിയ സത്യവാങ്മൂലത്തിലെ പ്രായം 49 ആണ്. ഇതോടെയാണ് JMM നേതാവിന്റെ വയസ് വിവാദമായത്.
“5 വർഷം കൊണ്ട് 7 വയസ് കൂടിയവരെക്കുറിച്ച് കേട്ടിട്ടുണ്ടോ? അത് ഝാർഖണ്ഡിൽ സംഭവിക്കും.” എന്നായിരുന്നു ബിജെപി വക്താവ് പ്രതുൾ ഷാ ദിയോ ഇതുമായി ബന്ധപ്പെട്ട് എക്സിൽ കുറിച്ചത്. എന്നാൽ ബിജെപിയുടെ പരിഹാസത്തെ കണ്ടില്ലെന്ന് നടിക്കുകയാണ് ജെഎംഎം. സോറൻ നൽകിയ രേഖയിൽ വയസ് 49 ആണെന്നും അത് യഥാർത്ഥ പ്രായമാണെന്നും JMM പ്രതികരിച്ചു. ഹേമന്ത് സോറനെതിരെ മറ്റൊന്നും പറയാനില്ലാത്തതുകൊണ്ടാണ് വയസിന്റെ പേരിൽ വിവാദമുണ്ടാക്കുന്നതെന്നാണ് JMM വാദം.
ഝാർഖണ്ഡിൽ നവംബർ 13നാണ് നിയമസഭാ തെരഞ്ഞെടുപ്പ് ആരംഭിക്കുന്നത്. നവംബർ 20ന് രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കും. 23-നാണ് വോട്ടെണ്ണൽ. ജെഎംഎം വിട്ട് ബിജെപിയിലേക്ക് വന്ന ചംപൈ സോറൻ ഭരണകക്ഷിക്ക് വലിയ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ.