ലക്നൗ സൂപ്പർ ജയൻ്റ്സ് മെഗാ താരലേലത്തിന് മുൻപ് ടീമിൽ നിലനിർത്തുന്നവരുടെ പട്ടിക പുറത്തുവിട്ടിരുന്നു. 21 കോടി രൂപയ്‌ക്ക് നിക്കോളാസ് പൂരൻ ആണ് പട്ടികയിലെ ഒന്നാമൻ. രവി ബിഷ്ണോയ്,മായങ്ക് യാദവ്, മൊഹ്സിൻ ഖാൻ, ആയുഷ് ബദോനി എന്നിവരെയാണ് നിലനിർത്തിയത്. 4 കോടി വീതം നൽകിയാണ് മൊഹ്സിനെയും ബദോനിയെയും നിലനിർത്തിയത്. ബിഷ്ണോയിക്കും യാദവിനും 11 കോടി വീതവും ലഭിക്കും.
ലേലത്തിൽ പങ്കെടുക്കാൻ 69 കോടി രൂപയാണ് ശേഷിക്കുന്നത്. ഒരു റൈറ്റു മാച്ച് കാർഡും ബാക്കിയുണ്ട്. ടീമിൽ എന്ത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് താരങ്ങളെ നിലനിർത്തിയതെന്ന് പറയുകയാണ് ടീം ഉടമ സഞ്ജീവ് ഗോയങ്ക. മുൻ നായകൻ കെ.എൽ രാഹുലിനെ പരോക്ഷമായി കുത്തിയും പരിഹസിച്ചുമാണ് ഗോയങ്ക സംസാരിച്ചത്.
സ്വാർത്ഥ താത്പ്പര്യത്തിന് വേണ്ടി കളിക്കുന്നവരെ വേണ്ട. ടീമിന് വേണ്ടി കളിക്കുന്നവരെ മാത്രം മതിയെന്നതായിരുന്നു മാനദണ്ഡമെന്നാണ് ഗോയങ്കയുടെ വിശദീകരണം. രാഹുലിനെ ടീമിൽ നിന്ന് ഒഴിവാക്കുമെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു. കഴിഞ്ഞ ഐപിഎല്ലിൽ തോൽവിക്ക് പിന്നാലെ ഗോയങ്ക രാഹുലിനെ പരസ്യമായി ശകാരിച്ചത് വിവാദമുണ്ടാക്കിയിരുന്നു.
ഇത്തവണ ടീമിൽ നിലനിർത്തേണ്ടവരെ തിരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡം വളരെ ലളിതമായിരുന്നു. വ്യക്തി താത്പ്പര്യങ്ങൾക്കും സ്വാർത്ഥ നേട്ടങ്ങൾക്കും ഉപരി ടീമിനെ ജയിപ്പിക്കാൻ താത്പ്പര്യവും മനോഭാവവും ഉള്ളവരെ നിലനിർത്തിയാൽ മതിയെന്നായിരുന്നു തീരുമാനം. പൂരന്റെ കാര്യത്തിൽ കാര്യമായ ചർച്ചകൾ പോലും വേണ്ടിവന്നില്ല –ഗോയങ്ക പറഞ്ഞു.
Sanjiv Goenka targets KL Rahul yet again saying LSG wanted to retain players who play for the team and not for themselves !! 👀 #IPL2025 #RishabhPant #IPLRetention2025 #IPLAuction #ShreyasIyer #MumbaiIndians #IPLRetention #INDWvNZW
— Cricketism (@MidnightMusinng) October 31, 2024