കാമുകിമാരുടെ സഹായത്തോടെ ഭാര്യയെ കൊലപ്പെടുത്തിയ യുവാവ് പിടിയിലായി. ഒഡീഷയിലെ ഭൂവനേശ്വറിലാണ് സംഭവം. യുവതി ഭർത്താവിന്റെ വിവാഹേതര ബന്ധങ്ങളെക്കുറിച്ച് അറിഞ്ഞതോടെയാണ് കാെലയിലേക്ക് നയിച്ചത്. പ്രദ്യുമ്നകുമാർ ദാസ് എന്നയാളാണ് അറസ്റ്റിലായത്.
ശുഭശ്രീ നായിക്കാണ് കഴിഞ്ഞ 28ന് കൊല്ലപ്പെട്ടത്. ഇയാൾ ഭാര്യയെ ഭുവനേശ്വറിലെ ആശുപത്രിയിൽ കൊണ്ടുപോയതെയാണ് കാര്യങ്ങളുടെ ചുരുളഴിഞ്ഞത്. ഇവർ ആത്മഹത്യക്ക് ശ്രമിച്ചെന്നും പറഞ്ഞാണ് ആശുപത്രിയിലെത്തിച്ചത്. എന്നാൽ ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു. യുവതി ജീവനൊടുക്കാൻ ശ്രമിച്ചെന്ന് ഇയാൾ പൊലീസിനെയും അറിയിച്ചിരുന്നു. അസ്വഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്ത പൊലീസ് മൃതദേഹം പോസ്റ്റുമോർട്ടത്തിന് അയച്ചു.
ഇതാണ് വഴിത്തിരിവായത്. യുവതിയുടെ കൈയിലു കഴുത്തിലും ചതവുകൾ കണ്ടെത്തി. അളവിലേറെയുള്ള അനസ്തീഷ്യയുടെ ഉപയോഗമാണ് മരണത്തിന് കാരണമെന്ന് തിരിച്ചറിഞ്ഞു. പോസ്റ്റുമോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ദാസിനെ ചോദ്യം ചെയ്തപ്പോഴാണ് ഇയാൾ കുറ്റ സമ്മതം നടത്തിയത്. കാമുകിമാരുടെ സഹായത്തോടെയാണ് ഭാര്യയെ കൊല്ലാൻ ഗൂഢാലോചന നടത്തിയതെന്ന് ഇയാൾ സമ്മതിച്ചു.
ആശുപത്രിയിൽ ഒപ്പം ജോലി ചെയ്തിരുന്ന രണ്ടു സ്ത്രീകളുമായി ഇയാൾക്ക് വിവാഹേതര ബന്ധമുണ്ടായിരുന്നു. ഭാര്യ ഇതേക്കുറിച്ച് മനസിലാക്കിയതോടെ വഴക്കുകൾ ആരംഭിച്ചു. എട്ടുമാസമായി തർക്കങ്ങൾ തുടർന്നു. ഏറെ നാളത്ത പ്രണയത്തിന് ശേഷമാണ് ഇവർ 2020-ൽ വിവാഹിതരായത്. ശാരീരിക ഉപദ്രവം തുടങ്ങിയതോടെ ശുഭശ്രീ പിണങ്ങി അമ്മവീട്ടിലായിരുന്നു താമസം. 28ന് ഭാര്യയെ കൂട്ടിക്കാെണ്ടുവന്ന് കാമുകിമാരിൽ ഒരാളായ റോസിയുടെ വീട്ടിലേക്ക് വിളിച്ചുവരുത്തി, ബലം പ്രയോഗിച്ച് അനസ്തീഷ്യ കുത്തിവച്ച് കൊല്ലുകയായിരുന്നു. കാമുകിമാർ ഫാർമസിസ്റ്റും നഴ്സുമായിരുന്നുവെന്നാണ് വിവരം. റോസി എജിത എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.















