ക്ഷേത്രത്തിൽ പ്രാർത്ഥിച്ചതിന് ശേഷം വീട്ടിലേക്ക് പോകാനിറങ്ങിയ അഞ്ചാം ക്ലാസുകാരിയെ കടന്നുപിടിച്ച് പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിനെ പിടികൂടി. ഉത്തർപ്രദേശിലെ മീററ്റിലാണ് സംഭവം. കടന്നുപിടിച്ച് അപമാനിക്കാൻ ശ്രമിച്ച യുവാവിനെ തള്ളിമാറ്റി പെൺകുട്ടി ഓടിരക്ഷപ്പെടുകയായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.
വീട്ടിലെത്തിയ കുട്ടി മാതാവിനെ കാര്യങ്ങൾ അറിയിച്ചു. പ്രാർത്ഥിച്ച ശേഷം വീട്ടിലേക്ക് പോകാനിറങ്ങിയപ്പോഴാണ് പ്രതി പെൺകുട്ടിയുടെ ശരീരത്തിലും വസ്ത്രത്തിലും കടന്നുപിടിച്ച് തന്നിലേക്ക് അടുപ്പിച്ചത്. കുട്ടി കുതറി മാറി രക്ഷപ്പെടുകയായിരുന്നുവെന്നും പരാതിയിൽ പറയുന്നു.
ഇവർ ഭവൻപൂർ പൊലീസ് സ്റ്റേഷനിലാണ് പരാതി നൽകിയത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് നടത്തിയ അന്വേഷണത്തിൽ യുവാവിനെ പിടികൂടുകയായിരുന്നു. പ്രതി മദ്യലഹരിയിലായിരുന്നുവെന്ന് പാെലീസ് പറഞ്ഞു. അഞ്ചാം ക്ലാസുകാരിയെ നടുറോഡിൽ ക്ഷേത്രത്തിന് മുന്നിൽ കടന്നുപിടിച്ചിട്ടും ആരും ഇടപെട്ടില്ല. മുൻപും ഇയാൾ പെൺകുട്ടിയെ ഉപദ്രവിച്ചിട്ടുണ്ടെന്നാണ് വിവരം. പ്രദേശവാസികൾ പ്രതിക്കെതിരെ രംഗത്തുവന്നു.