തിരുവനന്തപുരം: മുനമ്പത്തെ ജനങ്ങളെ സംസ്ഥാന സർക്കാർ കബളിപ്പിക്കുകയാണെന്ന് മുൻ കേന്ദ്രമന്ത്രി വി മുരളീധരൻ. കേന്ദ്ര സർക്കാർ ജനങ്ങളുടെ ആശങ്കകൾ മനസിലാക്കുന്നുണ്ടെന്നും എന്നാൽ കോൺഗ്രസും കമ്യൂണിസ്റ്റും വിഷയത്തെ ഗൗരവകരമായി കാണുന്നില്ലന്നും വി മുരളീധരൻ വിമർശിച്ചു. മുനമ്പം വഖഫ് ഭീകരതയ്‌ക്കെതിരെ ബിജെപിയുടെ ന്യൂനപക്ഷ മോർച്ച സംഘടിപ്പിക്കുന്ന സെക്രട്ടറിയേറ്റ് ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മുനമ്പത്ത് പോയി നിങ്ങളോടൊപ്പമാണെന്ന് പറഞ്ഞ ഇൻഡി മുന്നണികൾ ഇപ്പോൾ ജനങ്ങൾക്കെതിരെയാണ് പ്രവർത്തിക്കുന്നത്. ഇതിനെതിരെ നിഷേധാത്മകമായ സമീപനമാണ് ഇൻഡി സഖ്യം സ്വീകരിച്ചുവരുന്നത്. നിയമസഭയിൽ, ഇത്തരം നടപടികൾ തടയാൻ വേണ്ടിയുള്ള കേന്ദ്ര സർക്കാരിന്റെ ഭേദഗതിക്കെതിരെ ഏകകണ്ഠമായി പ്രമേയം പാസാക്കിയവരാണ് സർക്കാരും പ്രതിപക്ഷവും. ജനങ്ങളുടെ അവകാശം പുനസ്ഥാപിക്കപ്പെടണം.
1954-ലാണ് വഖഫ് ഭേദഗതി നിയമം നിലവിൽ വന്നത്. 1995-ൽ കോൺഗ്രസ് സർക്കാരിന്റെ കാലത്ത്, നിലവിലെ നിയമത്തിൽ ഭേദഗതി വരുത്തികൊണ്ട് ഇസ്ലാമിക നിയമങ്ങൾ രാജ്യത്തെ ഭരണഘടനാപരമായിട്ടുള്ള നിയമങ്ങൾക്ക് മുകളിൽ സ്ഥാപിക്കപ്പെട്ടു. വഖഫിന് ഈ രാജ്യത്തെ നീതിന്യായ വ്യവസ്ഥയുടെ മുകളിൽ സ്ഥാനം നൽകി.
വഖഫ് ഭൂമിയിൽ തർക്കമുണ്ടായി കഴിഞ്ഞാൽ അതിൽ ഇടപെടാനുള്ള അവകാശം പോലും നീതിന്യായ വ്യവസ്ഥയക്ക് ഇല്ലാതായിരിക്കുന്നു. മുസ്ലീം സമുദായത്തിൽപെട്ടവർ അല്ലെങ്കിലും പോലും ഭൂമിയുടെ കാര്യത്തിൽ വഖഫിന് തീരുമാനമെടുക്കാമെന്ന നിലയിലേക്ക് കാര്യങ്ങൾ മാറി.
മതവിശ്വാസത്തെ ഹനിക്കുന്ന നടപടിയാണ് വഖഫ് ഭേദഗതി എന്നാണ് ഇൻഡി മുന്നണികൾ പറയുന്നത്. ഇത് സ്വത്തവകാശങ്ങൾക്ക് വേണ്ടിയുള്ളതാണ്. എന്നാൽ സിപിഎമ്മും കോൺഗ്രസും ഇത് തെറ്റായാണ് വ്യാഖ്യാനിക്കുന്നത്. ഇസ്ലാമികളുടെ വിശ്വാസത്തെ തകർക്കുന്നു എന്നാണ് ഇൻഡി മുന്നണി വാദിക്കുന്നതെന്നും വി മുരളീധരൻ പറഞ്ഞു.