ന്യൂയോർക്ക്: യുഎസ് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ മാർക്ക് ലോങ്കോയുടെ പ്രിയപ്പെട്ട വളർത്തുമൃഗമായ പീനട്ടിനെ ദയാവധത്തിന് വിധേയമാക്കി ന്യൂയോർക്കിലെ പരിസ്ഥിതി സംരക്ഷണ വകുപ്പ്. അണ്ണാന് റാബീസ് ബാധയുണ്ടെന്ന് ആരോപിച്ചാണ് അധികൃതരെത്തി പീനട്ടിനെ വീട്ടിൽ നിന്നും കൊണ്ടുപോകുന്നത്. പിന്നാലെ അവർ ദയാവധം നടപ്പിലാക്കുകയായിരുന്നുവെന്ന് മാർക്ക് ആരോപിക്കുന്നു.
സോഷ്യൽ മീഡിയയിലെ വൈറൽ താരമാണ് പീനട്ട്. ‘പീനട്ട് ദി സ്ക്വിറൽ’ എന്ന പേരിൽ അവന് സ്വന്തമായൊരു പേജുതന്നെയുണ്ട്. 534,000 ആരാധകരാണ് ഇൻസ്റ്റഗ്രാമിൽ ഈ കുഞ്ഞൻ അണ്ണാനെ പിന്തുടരുന്നത്.വാഫിൾസ് നുണയുന്ന, ജനാലകളിലൂടെ ചാടിമറിയുന്ന, പുത്തൻ വേഷവിധാനങ്ങളിൽ പ്രത്യക്ഷപ്പെടുന്ന പീനാട്ടിന്റെ രസകരമായ ചിത്രങ്ങളും വീഡിയോകളുമാണ് മാർക്ക് ലോങ്കോ ഈ പേജിലൂടെ പങ്കുവയ്ച്ചിരുന്നത്.
പീനട്ടിന്റെ സോഷ്യൽ മീഡിയ പേജിലൂടെ കിട്ടുന്ന വരുമാനം മൃഗ സംരക്ഷണ പ്രവർത്തനങ്ങൾക്കാണ് മാർക്ക് ഉപയോഗിച്ചിരുന്നത്. എന്നാൽ ഒരു വന്യജീവിയെ വീട്ടിൽ വളർത്താൻ കഴിയില്ലെന്ന് അവകാശപ്പെട്ട പരിസ്ഥിതി സംരക്ഷണ വകുപ്പ് അധികൃതർ പീനട്ടിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. തങ്ങളുടെ ഉദ്യോഗസ്ഥരിലൊരാളെ അണ്ണാൻ കടിച്ചതായും ഇവർ ആരോപിക്കുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ റാബീസ് ബാധ കണ്ടെത്തിയെന്നും ദയാവധത്തിനുശേഷം അധികൃതർ പുറത്തുവിട്ട പ്രസ്താവനയിൽ പറഞ്ഞു.
Leave a Comment