ശ്രീനഗർ: ലഷ്കർ-ഇ-തൊയ്ബ കമാൻഡറെ വധിച്ച് സൈന്യം. ജമ്മുകശ്മീരിലെ ഖന്യാർ മേഖലയിൽ നടന്ന ഏറ്റുമുട്ടലിലാണ് ഭീകരൻ കൊല്ലപ്പെട്ടതെന്ന് കശ്മീർ സോൺ പൊലീസ് ഇൻസ്പെക്ടർ ജനറൽ വിധി കുമാർ ബേർഡി അറിയിച്ചു. 2023ൽ ഇൻസ്പെക്ടർ മസ്റൂറിനെ കൊലപ്പെടുത്തിയതിൽ പങ്കുള്ള ഭീകരൻ ഉസ്മാനാണ് കൊല്ലപ്പെട്ടതെന്നും പൊലീസ് വ്യക്തമാക്കി.
” ഭീകരർക്കായുള്ള ഓപ്പറേഷൻ പൂർത്തിയായി. ഏറ്റുമുട്ടലിൽ ലഷ്കർ- ഇ-തൊയ്ബ കമാൻഡറായ ഉസ്മാനെ സൈനികർ വധിച്ചു. 4 ജവാൻമാർക്ക് പരിക്കേറ്റിട്ടുണ്ട്. ഇൻസ്പെക്ടർ മസ്റൂറിന്റെ കൊലപാതകത്തിന് പിന്നിൽ പ്രവർത്തിച്ച ഭീകരനാണ് കൊല്ലപ്പെട്ട ഉസ്മാൻ. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടന്നു വരികയാണ്.”- വിധി കുമാർ ബേർഡി പറഞ്ഞു.
അനന്തനാഗിലെ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സൈനികർ വധിച്ചിരുന്നു. ഭീകരർക്കായുള്ള തെരച്ചിൽ അന്തിമ ഘട്ടത്തിലാണ്. ജമ്മുകശ്മീർ പൊലീസും അതിർത്തി സുരക്ഷാ സേനയും സംയുക്തമായി നടത്തിയ തെരച്ചിലിലാണ് ഭീകരരെ വകവരുത്തിയതെന്നും പൊലീസ് അറിയിച്ചു.