തിരക്കഥാകൃത്തായ എസ്.എൻ സ്വാമി ആദ്യമായി സംവിധാനം ചെയ്ത ധ്യാൻ ശ്രീനിവാസൻ ചിത്രം സീക്രട്ട് ഒടിടിയിലേക്ക്. സ്വാമി തന്നെ കഥയും തിരക്കഥയും ഒരുക്കിയ ചിത്രം ജൂലായ് 26നാണ് തിയേറ്ററിലെത്തിയത്. ബോക്സോഫീസിൽ കിതച്ച ചിത്രം ഒടിടിയിൽ സ്ട്രീമിംഗിന് ഒരുങ്ങുമ്പോൾ തലവര മാറുമെന്ന പ്രതീക്ഷയിലാണ് അണിയറക്കാർ.
സാക്നിൽക് റിപ്പോർട്ട് പ്രകാരം ചിത്രം ആഗോളതലത്തിൽ വെറും 24 ലക്ഷം രൂപ മാത്രമാണ് ചിത്രം കളക്ട് ചെയ്തത്. ഒടിടി പ്ലാറ്റ്ഫോമായ മനോരമ മാക്സിലൂടെയാണ് സീക്രട്ട് സ്ട്രീം ചെയ്യുക. ചിത്രത്തിന്റെ ഒടിടി റിലീസ് തീയിതി പുറത്തു വിട്ടിട്ടില്ല. ഉടൻ സ്ട്രീമിംഗ് ആരംഭിക്കുമെന്നാണ് പ്രഖ്യാപനം.
അപർണാ ദാസ്, ജേക്കബ് ഗ്രിഗറി, കലേഷ് രാമാനന്ദ്, ആർദ്രാ മോഹൻ, രഞ്ജിത്ത്, രഞ്ജി പണിക്കർ, ജയകൃഷ്ണൻ, സുരേഷ് കുമാർ, അഭിരാം രാധാകൃഷ്ണൻ, മണിക്കുട്ടൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ലക്ഷ്മി പാർവതി വിഷന്റെ ബാനറിൽ രാജേന്ദ്ര പ്രസാദാണ് ചിത്രം നിർമിച്ചത്.















