പാലക്കാട്: ഷൊർണൂരിൽ ട്രെയിൻ തട്ടി മൂന്ന് ശുചീകരണ തൊളിലാളികൾ മരിച്ച സംഭവം ദൗർഭാഗ്യകരമെന്ന് റെയിൽവേ. ജോലി കഴിഞ്ഞ് മടങ്ങിയ തൊഴിലാളികൾ റോഡ് ഒഴിവാക്കി റെയിൽപാലത്തിലൂടെ മറുവശത്ത് കടക്കാൻ ശ്രമിച്ചതാണ് ദാരുണ അപകടത്തിന് വഴിയൊരുക്കിയതെന്ന് ദക്ഷിണ റെയിൽവേ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
സാധാരണ ഇത്തരം ജോലികൾക്ക് നിയോഗിക്കുന്നവരുടെ സുരക്ഷ ഉറപ്പുവരാത്താനുളള നടപടികൾ സ്വീകരിക്കാറുണ്ട്. റെയിൽവേയുടെ അറിവിൽ പാലത്തിൽ യാതൊരു പ്രവർത്തനങ്ങളും നിശ്ചയിച്ചിട്ടില്ലായിരുന്നു. കരാറുകാരന്റെ ഭാഗത്ത് വീഴ്ചയുണ്ടെന്നും റെയിൽവേ ചൂണ്ടിക്കാട്ടി. തൊഴിലാളികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിൽ വീഴ്ച വന്നതിനാൽ കരാർ റദ്ദാക്കാനുളള നടപടികൾ ആരംഭിച്ചതായും റെയിൽവേ അറിയിച്ചു. മുനാവർ തോണിക്കടവത്ത് എന്നയാളാണ് കരാർ എടുത്തിരിക്കുന്നത്.
തൊഴിലാളികൾ റെയിൽവേ പാലം മറികടക്കുന്ന വിവരം റെയിൽവേ അധികൃതരെ അറിയിക്കുകയോ അനുവാദം വാങ്ങുകയോ ചെയ്തിരുന്നില്ലെന്ന് വാർത്താക്കുറിപ്പിൽ റെയിൽവേ വ്യക്തമാക്കി. മരണമടഞ്ഞവരുടെ കുടുംബങ്ങൾക്ക് ഒരു ലക്ഷം രൂപയുടെ അടിയന്തര സഹായവും നൽകുമെന്ന് റെയിൽവേ അറിയിച്ചു. മൂന്ന് പേർ ട്രെയിൻ തട്ടി മരിക്കുകയും ഒരാൾ വെളളത്തിലേക്ക് ചാടുകയുമായിരുന്നുവെന്നാണ് റെയിൽവേയുടെ വാർത്താക്കുറിപ്പിലും പറയുന്നത്.
ഷൊർണൂർ റെയിൽവേ സ്റ്റേഷന് സമീപം റെയിൽവേ മേൽപ്പാലത്തിൽ വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു അപകടം. പാലക്കാട് നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന കേരള എക്‌സ്പ്രസ് ട്രെയിൻ തട്ടിയാണ് അപകടമുണ്ടായത്. തമിഴ്നാട് സേലം സ്വദേശികളായ വള്ളി, റാണി, ലക്ഷ്മണൻ എന്നിവരാണ് മരിച്ചത്. പത്തംഗ സംഘം മാലിന്യം ശേഖരിച്ച ശേഷം മടങ്ങവേയായിരുന്നു അപകടം. ബാക്കിയുളളവർ രക്ഷപെട്ടു. നാല് പേർ അപകടത്തിൽപെടുകയായിരുന്നു.