വാഷിംഗ്ടൺ: അമ്മയുടെ ധൈര്യവും നിശ്ചയദാർഢ്യവുമാണ് തന്റെ നേട്ടങ്ങൾക്ക് പിന്നിലെ പ്രചോദനമെന്ന് യുഎസ് വൈസ് പ്രസിഡൻ്റും ഡെമോക്രറ്റിക് പ്രസിഡൻ്റ് സ്ഥാനാർത്ഥിയുമായ കമലാ ഹാരിസ്.19-ാം വയസ്സിൽ ഇന്ത്യയിൽ നിന്ന് ഒറ്റയ്‌ക്ക് അമേരിക്കയിലെത്തിയ ആളാണ് തന്റെ അമ്മ ശ്യാമള ഗോപാലനെന്നും താൻ ഇന്ന് എത്ര വലിയ ഉയരത്തിലാണെങ്കിലും അതിനുകാരണം അമ്മയാണെന്നും അവരുടെ ചിത്രം പങ്കിട്ടുകൊണ്ട് കമലാ ഹാരിസ് എക്‌സിൽ കുറിച്ചു. കാൻസർ ഗവേഷകയായിരുന്ന അമ്മയെ കുറിച്ച് കമലാ തന്റെ പല പ്രസംഗങ്ങളിലും പറഞ്ഞിട്ടുണ്ട്.
അമ്മയെക്കുറിച്ചുള്ള വിവരണങ്ങൾ ഫെമിനിസത്തെക്കുറിച്ചും വംശീയതയെക്കുറിച്ചും സംസാരിക്കാൻ കമലയെ സഹായിച്ചിട്ടുണ്ട്. ഈ ആഴ്ച വാഷിംഗ്ടണിൽ നടന്ന ഡെമോക്രറ്റിക് സ്ഥാനാർത്ഥിയുടെ റാലിയിൽ, റിപ്പബ്ലിക്കൻ പ്രസിഡൻ്റ് സ്ഥാനാർത്ഥിയും മുൻ യുഎസ് പ്രസിഡന്റുമായ ഡോണൾഡ് ട്രംപിന് ശേഷം, തന്റെ പ്രസംഗത്തിൽ കമല ഏറ്റവും കൂടുതൽ പരാമർശിച്ചത് തന്റെ അമ്മയെ കുറിച്ചായിരുന്നു. പാർട്ടിയുടെ ഔദ്യോഗിക പ്രസിഡൻഷ്യൽ നോമിനി എന്ന നിലയിലുള്ള തന്റെ ആദ്യ പ്രസംഗത്തിൽ, കാലിഫോർണിയയിൽ ബിരുദാനന്തര ബിരുദം നേടുന്നതിനായി 19-ാം വയസ്സിൽ ഇന്ത്യ വിട്ട അമ്മയുടെ യാത്രയെക്കുറിച്ച് കമല ഹാരിസ് സംസാരിച്ചു.
കമലയുടെ അമ്മ ശ്യാമള ഗോപാലൻ സ്തനാർബുദ ഗവേഷകയായി മാറുകയും രോഗത്തിനുള്ള ചികിത്സാ രീതികൾ വികസിപ്പിക്കുന്നതിൽ തന്റേതായ സംഭാവന നൽകുകയും ചെയ്തു. ജമൈക്കൻ കുടിയേറ്റക്കാരനായ ഡൊണാൾഡ് ഹാരിസിനെയാണ് ശ്യാമള വിവാഹം ചെയ്യുന്നത്.1964ലാണ് ദമ്പതികൾക്ക് കമലാ ഹാരിസ് ജനിക്കുന്നത്. കമലയ്‌ക്ക് അഞ്ച് വയസുള്ളപ്പോൾ മാതാപിതാക്കൾ വിവാഹമോചിതരായി. പിന്നീട് കമലയെയും അവളുടെ സഹോദരി മായയെയും വളർത്തിയത് അമ്മ ശ്യാമളയാണ്. വൻകുടലിലെ അർബുദത്തെ തുടർന്ന് 2009ലാണ് ശ്യാമള മരിച്ചത്.
“അനീതിയെക്കുറിച്ച് ഒരിക്കലും പരാതിപ്പെടരുത്, പകരം അതിനെതിരെ പ്രവർത്തിച്ചുകാണിക്കണമെന്ന് ‘അമ്മ ഞങ്ങളെ പഠിപ്പിച്ചു,” കമല പറഞ്ഞു. ജനാധിപത്യത്തിന്റെ അർത്ഥവും അത് നിലനിർത്താനും തന്നെ പഠിപ്പിച്ചതിൽ മുത്തച്ഛൻ പി.വി. ഗോപാലന്റെ പങ്കും അവർ പരാമർശിച്ചിട്ടുണ്ട്. മുത്തച്ഛൻ പകർന്നു നൽകിയ പാഠങ്ങളാണ് പൊതുസേവനത്തോടുള്ള താൽപ്പര്യത്തെ പ്രചോദിപ്പിച്ചതെന്നും തന്നെ ഇന്നും മുന്നോട്ട് നയിക്കുന്നതെന്നും അവർ പറഞ്ഞു.















