മുംബൈ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് വധഭീഷണി സന്ദേശം അയച്ച സംഭവത്തിൽ 24കാരി അറസ്റ്റിൽ. ഫാത്തിമ ഖാൻ എന്ന യുവതിയാണ് അറസ്റ്റിലായത്. ഇവരുടെ ഫോണിൽ നിന്നാണ് മുംബൈ പൊലീസ് ട്രാഫിക് കൺട്രോൾ റൂമിലേക്ക് സന്ദേശം ലഭിച്ചതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. പിന്നാലെയാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. 10 ദിവസത്തിനുള്ളിൽ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചില്ലെങ്കിൽ എൻസിപി നേതാവ് ബാബ സിദ്ദിഖിയുടേത് പോലെ യോഗി ആദിത്യനാഥിനേയും കൊല്ലുമെന്നായിരുന്നു ഭീഷണി.
ഫാത്തിമ ഖാൻ ഉയർന്ന വിദ്യാഭ്യാസ യോഗ്യത ഉള്ളയാളാണെന്നും, എന്നാൽ മാനസിക പ്രശ്‌നങ്ങൾ നേരിടുന്നയാളാണെന്നും പൊലീസ് പറയുന്നു. ഇന്നലെ വൈകിട്ടോടെയാണ് കൺട്രോൾ റൂമിലെ വാട്ട്സ്ആപ്പ് ഹെൽപ്പ് ലൈൻ നമ്പറിലേക്ക് ഒരു അജ്ഞാത നമ്പറിൽ നിന്നുള്ള സന്ദേശം ലഭിച്ചത്. കഴിഞ്ഞ ഏതാനും ആഴ്ചകളായി മുംബൈ പൊലീസിന് ലഭിക്കുന്ന ഭീഷണി സന്ദേശങ്ങളിൽ ഏറ്റവും പുതിയതാണ് ഇത്.
അടുത്തിടെ മുംബൈ പൊലീസിന് ലഭിക്കുന്ന ഭീഷണി സന്ദേശങ്ങളിൽ ഭൂരിഭാഗവും സൽമാൻ ഖാനെ ലക്ഷ്യമിട്ടുള്ളതായിരുന്നു. സൽമാനെ വധിക്കുമെന്ന് ഭീഷണി മുഴക്കിയ 20കാരനെ കഴിഞ്ഞ ദിവസമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇതിന് പുറമെ ജംഷഡ്പൂരിൽ നിന്നുള്ള ഒരു പച്ചക്കറി വിൽപ്പനക്കാരനും അറസ്റ്റിലായിരുന്നു. ബാബ സിദ്ദിഖിന്റെ മകനായ സീഷൻ സിദ്ദിഖിയ്‌ക്കും ഭീഷണി സന്ദേശം ലഭിച്ചിരുന്നു. പണം നൽകിയില്ലെങ്കിൽ സീഷനേയും സൽമാനേയും വധിക്കുമെന്നായിരുന്നു ഭീഷണി.