ഹോണടിച്ചതിന്റെ പേരിൽ ഉടലെടുത്ത തർക്കത്തിൽ കാൻസർ ബാധിതനായ മുൻ ഡി.എസ്.പിയെ ആക്രമിച്ച് സഹോദരിമാർ. ഡൽഹിയിലെ വസുന്ധര എൻക്ലേവിലെ അനേകാന്ത് അപ്പാർട്ട്മെന്റിലായിരുന്നു സംഭവം. വയോധികനായ അശോക് ശർമെയാണ് ഇരുവരും ചേർന്ന് ചെടിച്ചെട്ടിക്ക് അടിച്ചുവീഴ്‌ത്തിയത്. ഇയാളെ പൊലീസ് എത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പിറ്റേന്ന് ശർമയുടെ കുടുംബത്തെയും ഇവർ ആക്രമിച്ചു. ഭാര്യയെയും രണ്ടും മക്കളെയും കടിച്ചും തല്ലിയും കുത്തിപരിക്കേൽപ്പിക്കാനും ഇവർ ശ്രമിച്ചു. ശാന്തി ശർമ, മക്കളായ റീന പ്രതിഭ എന്നിവരാണ് അക്രമിക്കപ്പെട്ടത്. ഇതിന് ശേഷം ഫ്ളാറ്റ് പൂട്ടി അകത്തിരുന്ന സഹോദരിമാരെ പുറത്തിറക്കാൻ പൊലീസും താമസക്കാരും പഠിച്ച പണി പലതും നോക്കി.
ഫ്ളാറ്റിൽ നിന്ന് പുറത്തുവരാൻ പാെലീസ് മുന്നറിയിപ്പ് നൽകിയെങ്കിലും ഇരുവരും അനുസരിച്ചില്ല. പൊലീസ് ഇതോടെ ജല-വൈദ്യുത കണക്ഷനുകൾ വിച്ഛേദിച്ചു. ഇതിനിടെ ഇവരുടെ കാറിന്റെ രണ്ടു ടയറുകൾ താമസക്കാർ ഊരിമാറ്റി. തൊട്ടുപിന്നാലെ പുറത്തെത്തിയ ഭവ്യ ജെയിനും ഛവി ജെയിനും പൊലീസിന്റെയും നാട്ടുകാരുടെയും വീഡിയോ പകർത്തി വീണ്ടും വെല്ലുവിളിച്ചു.
രക്ഷപ്പെടാൻ വേണ്ടി കാറിൽ കയറി ഇരുവരും പാെലീസുകാരെയടക്കം പത്തുപേരെ ഇടിച്ചുവീഴ്‌ത്തി. സൊസൈറ്റിയുടെ ഗേറ്റ് ബാരിയർ തകക്കുന്നതിന് മുമ്പ് കാർ പിസിആർ വാൻ ഉൾപ്പെടെ നിരവധി വാഹനങ്ങളുമായി കൂട്ടിയിടിച്ചു. നോയിഡ വരെ നീളുന്ന അപകടകരമായ പാച്ചിലിൽ ഒരു സ്‌കൂട്ടറിനെ ഇടിച്ച ശേഷം ഏകദേശം 1.5 കിലോമീറ്ററോളം വലിച്ചിഴച്ചു. ഒടുവിൽ ഒരു ബസുമായി കൂട്ടിയിടിച്ചാണ് കാർ നിന്നത്. 50-ലേറെ പൊലീസുകാരാണ് ഇവരെ പിന്തുടർന്നതും അറസ്റ്റ് ചെയ്തതും. ഒന്നര മാസം മുമ്പ്, അവർ ഒരു സൊസൈറ്റി സെക്യൂരിറ്റി ഗാർഡിനെ ബന്ദിയാക്കുകയും ആക്രമിക്കുകയും ചൂടുള്ള ഇരുമ്പ് ഉപയോഗിച്ച് പൊള്ളിക്കുകയും ചെയ്തു. എന്നിട്ടും പൊലീസ് ഇവരെ പിടികൂടിയിരുന്നില്ല.