ആഗ്ര: അഞ്ചുമണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെ 14 കാരന്റെ വയറ്റിൽ നിന്നും ഡോക്ടർമാർ പുറത്തെടുത്തത് 65 ഓളം വസ്തുക്കൾ. ഉത്തർപ്രദേശിലെ ഹത്രാസ് സ്വദേശി ആദിത്യ ശർമയുടെ വയറ്റിലാണ് ഇത്രയധികം വസ്തുക്കൾ കണ്ടെത്തിയത്. ഡൽഹി സഫ്ദർജംഗ് ആശുപത്രിയിലെ ഡോക്ടർമാർ നടത്തിയ ശസ്ത്രക്രിയ വിജയകരമായിരുന്നെങ്കിലും മണിക്കൂറുകൾക്കുള്ളിൽ ആദിത്യ മരണത്തിന് കീഴടങ്ങി.
ബാറ്ററികൾ, റേസർ ബ്ലേഡുകൾ, മാല, ആണി തുടങ്ങിയ വസ്തുക്കളാണ് വയറ്റിലുണ്ടായിരുന്നത്. മുൻപ് പല അവസരങ്ങളിലായി കുട്ടി വിഴുങ്ങിയതാകാം ഇവയെന്ന് ഡോക്ടർമാർ പറയുന്നു. കുടലിലുണ്ടായ അണുബാധയാണ് മരണകാരണം. ഒക്ടോബർ 13 ന് കടുത്ത ശ്വാസതടസത്തെ തുടർന്ന് ആദിത്യ ശർമയെ പിതാവ് ആഗ്രയിലെ ആശുപത്രിയിൽ കൊണ്ടുപോയിരുന്നു. ഇവിടെ നടത്തിയ പരിശോധനയിൽ കാരണം കണ്ടെത്താനായില്ല.
അലീഗഢിലെ ആശുപത്രിയിൽ ചെന്നപ്പോൾ കുട്ടിയുടെ ശ്വാസനാളത്തിൽ തടസമുണ്ടെന്ന് കണ്ടെത്തി ഇത് നീക്കം ചെയ്തു. എന്നാൽ ഇതിന് പിന്നാലെ കടുത്ത വയറുവേദനയെത്തുടർന്ന് ആദിത്യയെ വീണ്ടും ആശുപത്രിയിൽ എത്തിച്ചു. സിടി സ്കാൻ പരിശോധനയിൽ കുട്ടിയുടെ വയറ്റിൽ 19 വസ്തുക്കൾ കണ്ടെത്തി. നോയിഡയിലെ സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ വസ്തുക്കളുടെ എണ്ണം 42 ആണെന്ന് കണ്ടെത്തി.
ആരോഗ്യനില വഷളായ കുട്ടിയെ ഒടുവിൽ ഡൽഹിയിലെ സഫ്ദർജംഗ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഇവിടെ നടത്തിയ വിശദമായ പരിശോധനയിൽ കുട്ടിയുടെ വയറ്റിൽ 65 ഓളം വസ്തുക്കൾ ഉണ്ടെന്ന് കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.