പാലക്കാട്: ഒരാളും ബിജെപി വിട്ട് പോകില്ല. ആരും അങ്ങനെ കരുതി മനപ്പായസം ഉണ്ണണ്ടെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. സന്ദീപ് വാര്യർ ബിജെപി വിടുന്നുവെന്ന മാദ്ധ്യമപ്രചാരണത്തോട് പ്രതികരിക്കുകയായിരുന്നു കെ. സുരേന്ദ്രൻ. കോൺഗ്രസിലും സിപിഎമ്മിലും ഒക്കെ നടക്കുന്നത് കണ്ടിട്ട് ബിജെപിയിലും അത് തന്നെയാണ് നടക്കുന്നതെന്ന് മനപ്പായസം ഉണ്ണണ്ട. ഒന്നും സംഭവിക്കില്ല. ബിജെപിയിൽ നിന്ന് നിങ്ങൾ അത് പ്രതീക്ഷിക്കണ്ട. കടുത്ത നിരാശയിലാകുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
ആരും ബിജെപി വിട്ട് പോകില്ല. മാദ്ധ്യമങ്ങൾ നേരത്തെ മുതൽ പല നേതാക്കളുടെ പേരുകളും പറഞ്ഞിട്ടുണ്ട്. വാസ്തവത്തിൽ നിങ്ങൾ അവരെയൊക്കെ അപമാനിക്കുകയാണ്. ബിജെപിയുടെ പാർട്ടി സംവിധാനത്തെക്കുറിച്ചുളള അറിവില്ലായ്മയാണ് ഇത്തരം വാർത്തകൾ കൊടുക്കാൻ കാരണം. എല്ലാവരെയും ചേർത്ത് നിർത്തി മുന്നോട്ടുപോകുന്ന പാർട്ടിയാണ് ബിജെപി. ആശയത്തിന്റെ അടിസ്ഥാനത്തിലാണ് ഞങ്ങൾ പ്രവർത്തിക്കുന്നതെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
വിശാലമായ ഒരു വീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് ബിജെപിയിൽ പ്രവർത്തിക്കുന്നത്. കസേര കിട്ടിയില്ലെന്ന് പറഞ്ഞ് വലിയ നേതാക്കളെ അപമാനിക്കരുത്. ഇതൊക്കെ വ്യാജ പ്രചാരണങ്ങളാണ്. ബിജെപിയുടെ ചുമതലയുളള എല്ലാവരും പ്രചാരണത്തിന് വരാൻ നിർദ്ദേശിച്ചാൽ തീർച്ചയായും വരും. അതേക്കുറിച്ച് നിങ്ങൾ ആശങ്കപ്പെടണ്ട. എനിക്ക്് ആശങ്കയില്ലെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
കൊടകര കേസുൾപ്പെടെ ഉപതെരഞ്ഞെടുപ്പ് കാലത്തെ ചായക്കോപ്പയിലെ കൊടുങ്കാറ്റ് ആണ്. ഉപതെരഞ്ഞെടുപ്പിൽ ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളാണ് ബിജെപി ചർച്ച ചെയ്യുന്നത് നെൽകർഷകരുടെ പ്രശ്‌നങ്ങളും വികസന പ്രതിസന്ധിയും എൽഡിഎഫ് യുഡിഎഫ് ഒത്തുകളിയുമാണ് ബിജെപി ചർച്ച ചെയ്യുന്നത്. അതിനിടയിൽ ബിജെപിയുടെ ശ്രദ്ധ മാറ്റാൻ ആയിരം വട്ടം പരിശ്രമിച്ചാലും നടക്കില്ലെന്നും കെ സുരേന്ദ്രൻ പറഞ്ഞു.