കോഴിക്കോട്: കേരള റെയിൽവേയ്‌ക്ക് പുത്തൻ പ്രതീക്ഷകൾ നൽകി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ കോഴിക്കോട് സന്ദർശനം. 2047 ഓടെ വികസിത ഭാരതമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വപ്‌നം സാക്ഷാത്കരിക്കാനുള്ള ശ്രമത്തിലാണ് കേന്ദ്ര സർക്കാർ. ഇതിന്റെ ഭാഗമായി റെയിൽവേയുടെ വികസനവുമായി ബന്ധപ്പെട്ട് നിരവധി പദ്ധതികൾ ആസൂത്രണം ചെയ്തതായി അശ്വിനി വൈഷ്ണവ് പറഞ്ഞു.
” സംസ്ഥാനത്തെ റെയിൽവേ പാതകൾ ഇരട്ടിപ്പിക്കലിനാണ് കേന്ദ്ര സർക്കാർ ഇപ്പോൾ മുൻഗണന നൽകുന്നത്. 2004 മുതൽ 2014 വരെ 14,985 കിലോമീറ്റർ ദൂരത്തിലാണ് റെയിൽവേ ട്രാക്കുകൾ നിർമിച്ചത്. എന്നാൽ കഴിഞ്ഞ 10 വർഷത്തെ കണക്കെടുത്താൽ 31,000 കിലോമീറ്റർ ദൂരത്തിലേക്ക് ട്രാക്കുകളുടെ എണ്ണം വർദ്ധിപ്പിച്ചതായി കാണാം.
കഴിഞ്ഞ വർഷം മാത്രമായി 5,300 കിലോമീറ്റർ ദൂരത്തിലേക്കാണ് റെയിൽവേ ട്രാക്കുകൾ വികസിപ്പിച്ചത്. ഇന്ത്യയിൽ ജനസംഖ്യ മാത്രമാണ് വികസിക്കുന്നതെന്ന പരിഹാസങ്ങൾ മുൻപുണ്ടായിരുന്നു. എന്നാൽ ഇന്ന് വികസനത്തിലൂടെ പ്രധാനമന്ത്രി അത്തരം പരിഹാസങ്ങൾക്ക് മറുപടി നൽകിയിരിക്കുകയാണ്.”- അശ്വിനി വൈഷ്ണവ് പറഞ്ഞു.
60 വർഷത്തിനിടെ ഇന്ത്യയിലുണ്ടായ വികസനങ്ങൾക്കും കഴിഞ്ഞ 10 വർഷത്തിനിടെ ഇന്ത്യയിലുണ്ടായ വികസനങ്ങൾക്കും ജനങ്ങൾ സാക്ഷ്യം വഹിച്ചതാണ്. 10 വർഷത്തിനിടെ മൂന്നിരട്ടി വികസന പ്രവർത്തനങ്ങളാണ് മോദി സർക്കാർ നടപ്പിലാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
ബുള്ളറ്റ് ട്രെയിൻ ട്രാക്കിലിറക്കാനുള്ള പ്രവർത്തനങ്ങൾ നടന്നു വരികയാണ്. അടുത്ത വർഷത്തോടെ ഇന്ത്യയുടെ ആദ്യത്തെ ബുള്ളറ്റ് ട്രെയിൻ ട്രാക്കിലിറക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ. കേരളത്തിന്റെ റെയിൽവേ വികസനത്തിനായി പ്രതിവർഷം 370 കോടി രൂപയാണ് മാറ്റി വച്ചിരുന്നത്.
എന്നാൽ മോദി സർക്കാർ അധികാരത്തിലേറിയതോടെ ബജറ്റ് വിഹിതം 3000 കോടിയായി വർദ്ധിപ്പിച്ചെന്നും അശ്വിനി വൈഷ്ണവ് പറഞ്ഞു. ഒരു ദിവസത്തെ സന്ദർശനത്തിനായി കേരളത്തിലെത്തിയ അദ്ദേഹം ആലുവ മുതൽ കോഴിക്കോട് വരെയുള്ള വികസന പദ്ധതികൾ ട്രെയിനിൽ സഞ്ചരിച്ച് വിലയിരുത്തിയിരുന്നു.















