കോഴിക്കോട്: കോഴിക്കോട് അത്തോളി കൂമുള്ളിയിൽ ബസിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ച സംഭവത്തിൽ ബസ് ഡ്രൈവർക്കെതിരെ പൊലീസ് കേസെടുത്തു. പേരാമ്പ്ര സ്വദേശി ആഷിഖിനെതിരെയാണ് അലക്ഷ്യമായ ഡ്രൈവിംഗിന് കേസ് എടുത്തിരിക്കുന്നത്. ബിഎൻഎസ്, 2023 – 281, 106 (1 ) എന്നീ വകുപ്പുകളാണ് രജിസ്റ്റർ ചെയ്തത്.
കഴിഞ്ഞ ദിവസമാണ് കോഴിക്കോട് – കുറ്റ്യാടി റൂട്ടിൽ സർവീസ് നടത്തുന്ന ഒമേഗ ബസ് ഇടിച്ച് മലപ്പുറം സ്വദേശിയായ വി വി രദീപ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ബസ് ഡ്രൈവർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കൊല്ലപ്പെട്ട രദീപിന്റെ സഹോദരൻ അത്തോളി പൊലീസിൽ പരാതി നൽകിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് ബസ് ഡ്രൈവർക്കെതിരെ പൊലീസ് കേസെടുത്തത്. ബസ് അമിത വേഗതയിൽ ആയിരുന്നെന്നും ഡ്രൈവർ അശ്രദ്ധയിലാണ് വാഹനം ഓടിച്ചിരുന്നതെന്നും പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
കുമുള്ളി മിൽമ സൊസൈറ്റിയ്‌ക്ക് സമീപത്താണ് അപകടമുണ്ടായത്. ബസിടിച്ച് റോഡിൽ വീണ രദീപിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഗുഡ്സ് ഓട്ടോയ്‌ക്ക് പുറകിൽ സഞ്ചരിക്കുകയായിരുന്ന രദീപിന്റെ ബൈക്ക് ബസ് ഡ്രൈവർ കണ്ടിരുന്നില്ലെന്നും വളവിൽ ആയിരുന്നിട്ടും ബസ് അമിത വേഗതയിലായിരുന്നെന്നും ദൃക്സാക്ഷികൾ പറയുന്നു. അതേസമയം, ബസ് ഡ്രൈവറെ ഇതുവരെ കസ്റ്റഡിയിലെടുത്തിട്ടില്ല.