ആലപ്പുഴ: ആലപ്പുഴയിൽ പൊതു സ്ഥലത്ത് കിടന്നയാളുടെ കാല് തല്ലിയൊടിച്ച കേസിലെ പ്രതി പിടിയിൽ. ആലപ്പുഴ ബീച്ചിൽ ബൈപ്പാസിന്റെ തൂണിനു താഴെ കോൺക്രീറ്റ് സ്ലാബിൽ കിടക്കുകയായിരുന്നയാളുടെ കാലാണ് തല്ലിയൊടിച്ചത്. പ്രതിയായ റെയിൽവേ സ്റ്റേഷൻ വാർഡിൽ പുത്തൻ വീട്ടിൽ കവി എന്നുവിളിക്കുന്ന മോഹനനെയാണ് (53) പോലീസ് പിടി കൂടിയത്.
വെള്ളിയാഴ്ച ഉച്ചയ്‌ക്കായിരുന്നു സംഭവം. റെയിൽവേ സ്റ്റേഷൻ വാർഡിൽ വാടകയ്‌ക്കു താമസിക്കുന്ന ബിജു എന്ന വ്യക്തി ആലപ്പുഴ ബൈപ്പാസിന്റെ 60-ാം നമ്പർ പില്ലറിനു സമീപമുള്ള കോൺക്രീറ്റ് സ്ലാബിൽ കിടക്കുകയായിരുന്നു. ഇദ്ദേഹത്തിന്റെ കാലാണ് അവിടേക്കെത്തിയ മോഹനൻഇരുമ്പു കമ്പിവടി ഉപയോഗിച്ച് തല്ലിയൊടിച്ചത്.
മോഹനനും ബിജുവും തമ്മിൽ മുൻവൈരാഗ്യമുണ്ടായിരുന്നു. ഇതാണ് കാലു തല്ലിയൊടിക്കാൻ കാരണമായത്. ആലപ്പുഴ സൗത്ത് പോലീസ് സ്റ്റേഷൻ ഐ.എസ്.എച്ച്.ഒ. കെ. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റുചെയ്തത്.മോഹനൻ നാല് അബ്കാരി കേസുകളിൽ പ്രതിയാണ് .