കോട്ടയം: ശബരിമല തീർഥാടകർക്ക് വേണ്ട അടിസ്ഥാന- പ്രാഥമിക കാര്യങ്ങൾ പോലും പൂർത്തിയാക്കാതെ ദേവസ്വം മന്ത്രി വി.എൻ വാസവൻ നടത്തിയ പ്രഖ്യാപനം ശബരിമലയിലേക്ക് എത്തുന്ന തീർത്ഥാടക ലക്ഷങ്ങളോടും ഹൈന്ദവ ജനതയോടുമുളള കടുത്ത വഞ്ചനയാണെന്ന് ബിജെപി മധ്യ മേഖല പ്രസിഡന്റ് എൻ.ഹരി. എരുമേലി മുതൽ സന്നിധാനം വരെ എല്ലാം തീർത്തും പരിതാപകരമായ അവസ്ഥയിലാണ്. മണ്ഡലകാലം അടുത്തിരിക്കെ എല്ലാ സൗകര്യങ്ങളും ഒരുക്കിയെന്ന, തീർത്തും നിരുത്തവരവാദപരമായ അവകാശവാദം സർക്കാരിനും മന്ത്രിപദവിക്കും ചേർന്നതല്ലെന്നും എൻ ഹരി വിമർശിച്ചു.
ലക്ഷക്കണക്കിന് തീർത്ഥാടകരുടെ ആശ്രയമായ പമ്പയിലും എരുമേലിയും കാഞ്ഞിരപ്പള്ളിയിലും ഉളള സർക്കാർ ആശുപത്രികൾ ഇപ്പോഴും പ്രാഥമിക പരിശോധന മാത്രം സാധ്യമാക്കുന്ന ആശുപത്രികളാണ്. തീവ്രപരിചരണം ലഭിക്കുന്നതിനും മെച്ചപ്പെട്ട ചികിത്സയ്‌ക്കും കോട്ടയം മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്യുന്ന ആശുപത്രികൾ മാത്രമാണ് ഇവ. സന്നിധാനത്തു നിന്നും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയേലക്ക് നൂറിലധികം കിലോമീറ്റർ സഞ്ചരിച്ച് അപകടഘട്ടത്തിലുളള തീർത്ഥാടകനെ എത്തിക്കുമ്പോഴേക്കും നില മോശമാകാനുളള സാധ്യതയാണ് അധികവും. രോഗികളുടെ ജീവൻ പന്താടുന്ന തികഞ്ഞ തിരുത്തരവാദപരമായ സമീപനമാണ് സർക്കാർ വർഷങ്ങളായി പിന്തുടരുന്നത്. കാർഡിയോളജി, ശസ്ത്രക്രിയ വിഭാഗങ്ങളെങ്കിലും അത്യാഹിത ചികിത്സയുടെ ഭാഗമായി ഇവിടെ ക്രമീകരിക്കാൻ കഴിഞ്ഞിട്ടില്ല.
പമ്പയിലും എരുമേലിയിലും വിശ്രമിക്കാൻ സാധിക്കുന്ന ഇടങ്ങൾ പൊലീസ് സൗകര്യങ്ങൾക്കായി വിനിയോഗിക്കുകയാണ്. പമ്പയിലെ നടപ്പന്തൽ പൂർണമായി തന്നെ പൊലീസ് നിയന്ത്രണത്തിലാണ്. മന്ത്രിയുടെ സ്വന്തം ജില്ലയായ കോട്ടയത്തെ സൗകര്യങ്ങൾ മാത്രം പരിശോധിച്ചാൽ പ്രസ്താവനയിലെ പൊള്ളത്തരം മനസിലാവും. പ്രധാന ഇടത്താവളമായ എരുമേലിയിൽ ഒരു മുന്നൊരുക്കവും നടത്തിയിട്ടില്ല. ഭക്തർക്ക് കുടിക്കാനും കുളിക്കാനുമുളള വെള്ളമോ, വൃത്തിയുള്ള ശുചിമുറികളോ ഇവിടെയില്ല. വിശുദ്ധ പാതയായി പ്രഖ്യാപിച്ച എരുമേലിയിൽ സുരക്ഷിതമായ പേട്ടതുള്ളലിനു പോലും ഇപ്പോഴും കഴിയുന്നില്ല. കുഞ്ഞുങ്ങൾ അടക്കം അനവധി ഭക്തർ പേട്ടകെട്ടുന്ന ഇവിടെ എല്ലാ വർഷവും അപകടങ്ങളും ആവർത്തിക്കുന്നത് ആശങ്കാജനകമാണ്. ഇവിടം അപകടരഹിതമാക്കാൻ സമാന്തര പാതപണിതുവെങ്കിലും പൂർത്തിക്കരിക്കാനായിട്ടില്ല. ചില കച്ചവട ലോബിയുടെ സമ്മർദമാണ് ഇതിനു പിന്നിലെന്നും എൻ ഹരി പറയുന്നു.