ബെംഗളൂരു : കർണാടക സർക്കാർ സ്ഥാപനമായ ബെലഗാവി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ കൂട്ട ശിശു മരണം വിവാദമാകുന്നു. കഴിഞ്ഞ 10 മാസത്തിനിടെ 169 ശിശുക്കളാണ് ഈ ആശുപത്രിയിൽ ചാപിള്ളയായി ജനിക്കുകയോ ജനിച്ചയുടൻ മരിക്കുകയോ ചെയ്തത്. ഇവരിൽ 41 മരണമുണ്ടായത് കഴിഞ്ഞ ഏതാനും മാസങ്ങൾക്കിടെയാണ്.
വിവിധ അണുബാധകൾ മൂലം 28 കുട്ടികളും ശ്വാസതടസ്സം മൂലം 36 കുട്ടികളും ഹൃദയ സംബന്ധിയായതോ മറ്റ് അസുഖങ്ങളോ മൂലം ആറ് കുട്ടികളും മലമൂത്രവിസർജ്ജന സംബന്ധിയായ അസുഖങ്ങൾ മൂലം 6 പേരും മറ്റു വിവിധ കാരണങ്ങളാൽ 11 പേരും മാസം തികയാതെ ജനിച്ച 79 കുട്ടികളും മരിച്ചതായി ഡോക്ടർമാർ ജില്ലാ ഭരണകൂടത്തെ അറിയിച്ചിട്ടുണ്ട്.
ചില മരണങ്ങൾ ഡോക്ടർമാരുടെ നിയന്ത്രണത്തിലല്ലെന്ന് ആശുപത്രി ഡയറക്ടർ അശോക് ഷെട്ടി പറഞ്ഞു. ആശുപത്രിയിലെ ഓക്‌സിജൻ വിതരണം തടസ്സപ്പെട്ടെന്ന റിപ്പോർട്ടുകൾ അദ്ദേഹം നിഷേധിച്ചു.
ബെലഗാവി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ ശിശുമരങ്ങളുടെ കാരണം കണ്ടെത്താനാവാതെ ഇരുട്ടിൽ തപ്പുകയാണ് കർണാടകയിലെ കോൺഗ്രസ് സർക്കാർ. ഈ വിഷയത്തിൽ ബെലഗാവി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിനോട് (ബിംസ്) കർണാടക സർക്കാർ വിശദീകരണം തേടും എന്നറിയിച്ചിട്ടുണ്ട്.
നവജാത ശിശുക്കളുടെ മരണം ഗൗരവമുള്ള വിഷയമാണെന്നും സമഗ്രമായ അന്വേഷണം നടത്തണമെന്നും ബെലഗാവി എംപി ജഗദീഷ് ഷെട്ടാർ ആവശ്യപ്പെട്ടു.
ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് ശിശുമരണങ്ങൾക്ക് കാരണം എന്നാരോപിച്ച് മരിച്ച കുട്ടികളുടെ രക്ഷാ കർത്താക്കൾ രംഗത്തു വന്നത് സർക്കാരിന് തിരിച്ചടിയായിട്ടുണ്ട്. പത്തു മാസങ്ങൾക്കു ശേഷവും സർക്കാരിന്റെ ഭാഗത്ത് നിന്ന് യാതൊരു നടപടികളുമുണ്ടാകാത്തതിൽ കടുത്ത വിമർശനമാണ് നടക്കുന്നത്.