മല്ലിക സുകുമാരന് പിറന്നാൾ ആശംസകളുമായി പൃഥ്വിരാജും ഇന്ദ്രജിത്തും. കുടുംബസമേതം അമ്മയുടെ പിറന്നാൾ ആഘോഷിക്കുന്നതിന്റെ ചിത്രങ്ങൾ പൃഥ്വിരാജ് ഫെയ്സ്ബുക്കിൽ പങ്കുവച്ചിട്ടുണ്ട്. കുടുംബത്തിലെ ഏറ്റവും ഇളയ അംഗത്തിന് പിറന്നാൾ ആശംസകളെന്നും എന്നും പതിനാറുകാരി ആയിരിക്കട്ടെയെന്നും പൃഥ്വിരാജ് ഫെയ്സ്ബുക്കിൽ കുറിച്ചു.
പൃഥ്വിരാജ്, ഇന്ദ്രജിത്ത്, പൂർണിമ, സുപ്രിയ എന്നിവർക്കും ചെറുമക്കളായ പ്രാർത്ഥന, നക്ഷത്ര, അലംകൃത എന്നിവർക്കുമൊപ്പമായിരുന്നു പിറന്നാളാഘോഷം. മക്കൾക്കും മരുമക്കൾക്കും ചെറുമക്കൾക്കും ഒപ്പമുള്ള ചിത്രങ്ങളും കേക്ക് മുറിക്കുന്ന വീഡിയോയും സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നുണ്ട്.
പോസ്റ്റിന് പിന്നാലെ മലയാള സിനിമയുടെ മുതിർന്ന നടിയ്‌ക്ക് ആശംസകൾ അറിയിച്ച് നിരവധി പേരും രംഗത്തെത്തി. മല്ലികാമ്മ എന്ന് അഭിസംബോധന ചെയ്തുകൊണ്ടാണ് ഭൂരിഭാഗം ആളുകളും ആശംസകൾ അറിയിക്കുന്നത്.
1974-ൽ പുറത്തിറങ്ങിയ ഉത്തരായനം എന്ന സിനിമയിലൂടെയാണ് മല്ലിക സുകുമാരൻ മലയാള സിനിമാ രംഗത്ത് അരങ്ങേറ്റം കുറിച്ചത്. പിന്നീട് റിലീസ് ചെയ്ത സ്വപ്നാടനത്തിലൂടെ സംസ്ഥാന ചലച്ചിത്ര അവാർഡും മല്ലിക സുകുമാരന് ലഭിച്ചിരുന്നു. മേഘസന്ദേശം, സ്ഥിതി, അമ്മക്കിളിക്കൂട്, തിരക്കഥ, ഇവർ വിവാഹിതരായാൽ, മദനോത്സവം തുടങ്ങിയ 90-ലധികം സിനിമകളിൽ പ്രധാന വേഷങ്ങൾ ചെയ്തിട്ടുണ്ട്.