കൊച്ചി: സംസ്ഥാന സ്‌കൂൾ കായിക മേളയിൽ പങ്കെടുക്കാൻ ഇത്തവണ പ്രവാസി വിദ്യാർത്ഥികളും. യുഎഇയിൽ നിന്നുള്ള വിദ്യാർത്ഥി സംഘമാണ് മത്സരങ്ങളിൽ പങ്കെടുക്കുക. ഇതിനായി വിദ്യാർത്ഥി സംഘം ഇന്ന് പുലർച്ചെ കൊച്ചിയിലെത്തി .
വിവിധ വിഭാഗങ്ങളിലായി അൻപതോളം കുട്ടികളാണ് കായിക മേളയിൽ പങ്കെടുക്കുന്നത്. യുഎഇയിൽ കേരള സിലബസ് പഠിപ്പിക്കുന്ന ആറ് സ്കൂളുകളിലെ വിദ്യാർത്ഥികളാണ് സംഘത്തിലുള്ളത്. ആദ്യമായാണ് യുഎഇയിൽ നിന്നുമുള്ള സംഘം കേരള സ്കൂൾ കായിക മേളയിൽ പങ്കെടുക്കുന്നത്. ഫുട്ബോൾ, വോളിബോൾ, ബാസ്‌ക്കറ്റ് ബോൾ, അത്‌ലറ്റിക്‌സ് തുടങ്ങിയ അഞ്ചിനങ്ങളിലാണ് വിദ്യാർത്ഥികൾ മത്സരിക്കുന്നത്. ദുബായ്, അബുദാബി, ഷാർജ, റാസൽഖൈമ, ഫുജൈറ എന്നിവിടങ്ങളിൽ നിന്നുളള പരിശീലകരും വിദ്യാർത്ഥികളുമാണ് സംഘത്തിലുള്ളത്.
അതേസമയം സംസ്ഥാന സ്‌കൂൾ കായികമേളയുടെ ഔദ്യോഗിക ഉദ്‌ഘാടനം എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ മന്ത്രി വി ശിവൻകുട്ടി നിർവഹിച്ചു. ഒളിമ്പ്യൻ പി ആർ ശ്രീജേഷ് ദീപശിഖ കൊളുത്തി. നടൻ മമ്മൂട്ടി സാംസ്‌കാരിക പരിപാടികളുടെ ഉദ്‌ഘാടനം നിർവഹിച്ചു. ഒളിമ്പിക്സ് മാതൃകയിൽ നടക്കുന്ന ആദ്യ കായിക മേളയാണിത്. ഗെയിംസ് ഇനങ്ങൾ ചൊവ്വ മുതൽ ആരംഭിക്കും.