സോൾ: വീണ്ടും ബാലിസ്റ്റിക് മിസൈൽ പരീക്ഷണവുമായി ഉത്തരകൊറിയ. യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെയാണ് ദിവസങ്ങളുടെ വ്യത്യാസത്തിൽ ഉത്തരകൊറിയ രണ്ടാമതും മിസൈൽ വിക്ഷേപണം നടത്തിയതെന്ന് ദക്ഷിണ കൊറിയ വ്യക്തമാക്കി. ജപ്പാൻ കടലിലേക്കാണ് ഉത്തരകൊറിയ മിസൈൽ വിക്ഷേപണം നടത്തിയതെന്നും സിയോൾ ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് പറഞ്ഞു.
വിക്ഷേപണം നടന്ന കാര്യം ജപ്പാനും സ്ഥിരീകരിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുടെ ഓഫീസ് ആണ് ഇത് സംബന്ധിച്ചുള്ള പ്രസ്താവന പുറത്ത് വിട്ടത്. കഴിഞ്ഞ ആഴ്ചയും ഉത്തരകൊറിയ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലിന്റെ വിക്ഷേപണം നടത്തിയിരുന്നു. റഷ്യയിലേക്ക് തങ്ങളുടെ സൈനികരെ അയച്ചുവെന്ന വിവരം ഉത്തരകൊറിയ സ്ഥിരീകരിച്ചതിന് പിന്നാലെ ഇവരെ തിരികെ വിളിക്കണമെന്ന് യുഎസ്, ദക്ഷിണ കൊറിയൻ പ്രതിരോധ മേധാവികൾ ആവശ്യം ഉന്നയിച്ചിരുന്നു.
സൈന്യത്തെ പിൻവലിക്കണമെന്ന ആവശ്യം മുന്നോട്ട് വച്ച് മണിക്കൂറുകൾക്കുള്ളിലായിരുന്നു വിക്ഷേപണം. യുക്രെയ്‌നെതിരായ പോരാട്ടത്തിൽ റഷ്യൻ സൈന്യത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടാണ് ഉത്തരകൊറിയ തങ്ങളുടെ സൈനികരെ റഷ്യയിലേക്ക് അയച്ചത്. അതേസമയം ഉത്തരകൊറിയയുടെ മിസൈൽ വിക്ഷേപണത്തിന് മറുപടിയായി കഴിഞ്ഞ ദിവസം ദക്ഷിണ കൊറിയ, ജപ്പാൻ, അമേരിക്ക എന്നിവർ സംയുക്ത വ്യോമാഭ്യാസം നടത്തിയിരുന്നു.
യുഎസിന്റെ ബി 1ബി ബോംബർ, ദക്ഷിണ കൊറിയയുടെ എഫ് 15കെ, കെഎഫ് 16 യുദ്ധവിമാനങ്ങൾ, ജപ്പാന്റെ എഫ് 2 ജെറ്റുകൾ എന്നിവ വ്യോമാഭ്യാസ പ്രകടനങ്ങളുടെ ഭാഗമായി. സംയുക്ത വ്യോമാഭ്യാസം ശത്രുവിന്റെ ആക്രമണ സ്വഭാവത്തെയാണ് വ്യക്തമാക്കുന്നതെന്നായിരുന്നു കിം ജോങ് ഉന്നിന്റെ സഹോദരി കിം യോ ജോങ്ങിന്റെ പ്രതികരണം. സ്ഥിതിഗതികൾ വഷളാക്കുന്ന നീക്കമാണ് അമേരിക്കയുടേയും ദക്ഷിണ കൊറിയയുടേയും ഭാഗത്ത് നിന്ന് ഉണ്ടാകുന്നതെന്നും, യുദ്ധത്തിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നതെന്നും അവർ മുന്നറിയിപ്പ് നൽകിയിരുന്നു.