കണ്ണൂർ: നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട ആത്മഹത്യാപ്രേരണക്കേസിൽ റിമാൻഡിലായ പിപി ദിവ്യയുടെ ജാമ്യാപേക്ഷയിൽ വിധി വെള്ളിയാഴ്ച. എഡിഎം ആയിരുന്ന നവീൻ ബാബുവിനെതിരെ സിപിഎം നേതാവ് ദിവ്യയും പ്രശാന്തനും ഉന്നയിച്ച കൈക്കൂലി ആരോപണത്തിന് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയ പ്രോസിക്യൂഷൻ, പ്രതിക്ക് ജാമ്യം നൽകരുതെന്ന് വാദിച്ചു. എന്നാൽ എഡിഎം കൈക്കൂലി വാങ്ങിയെന്ന വാദത്തിൽ ഉറച്ചുനിൽക്കുകയായിരുന്നു ദിവ്യയുടെ അഭിഭാഷകൻ. പ്രശാന്തന്റെയും എഡിഎമ്മിന്റെയും ഫോൺ രേഖകളാണ് പ്രതിഭാഗം അഭിഭാഷകൻ തെളിവായി ഹാജരാക്കിയത്.
അതേസമയം കളക്ടർ അരുൺ കെ. വിജയന്റെ ഫോൺ രേഖകൾ പരിശോധിക്കണമെന്ന് നവീൻ ബാബുവിന്റെ കുടുംബം കോടതിയോട് ആവശ്യപ്പെട്ടു. ദിവ്യയുമായി കളക്ടർ ഗൂഢാലോചന നടത്തിയതിന്റെ ഭാഗമായാണ് അരുൺ കെ വിജയൻ പൊലീസിന് മൊഴി നൽകിയതെന്നും നവീൻ ബാബുവിന്റെ കുടുംബം ചൂണ്ടിക്കാട്ടി. അന്വേഷണം ശരിയായ ദിശയിൽ നടന്നില്ലെങ്കിൽ സിബിഐ അന്വേഷണം ആവശ്യപ്പെടുമെന്നും നവീൻ ബാബുവിന്റെ കുടുംബത്തിന് വേണ്ടി ഹാജരായ അഭിഭാഷകൻ മാദ്ധ്യമങ്ങളെ അറിയിച്ചു.
കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റും സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗവുമായ പിപി ദിവ്യ നിലവിൽ പള്ളിക്കുന്ന് വനിതാ ജയിലിൽ റിമാൻഡിൽ കഴിയുകയാണ്. തലശ്ശേരി സെഷൻസ് കോടതിയാണ് പ്രതിയുടെ ജാമ്യാപേക്ഷ പരിഗണിച്ചത്. നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ പ്രതി ദിവ്യയുടെ ജാമ്യഹർജിയെ എതിർത്ത് കക്ഷിചേർന്നിരുന്നു. മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയതിന് പിന്നാലെയായിരുന്നു ദിവ്യ പൊലീസിൽ കീഴടങ്ങിയത്. എന്നാൽ അന്വേഷണത്തോട് സഹകരിക്കാൻ ദിവ്യ തയ്യാറായില്ലെന്നും രണ്ടുതവണ നോട്ടീസ് നൽകിയിട്ടും ഹാജരായിരുന്നില്ലെന്നും നവീൻ ബാബുവിന്റെ കുടുംബം കോടതിയെ അറിയിച്ചു. ജാമ്യം നൽകിയാൽ പിപി ദിവ്യ സാക്ഷികളെ സ്വാധീനിക്കുമെന്നും അഭിഭാഷകൻ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്.