രാജ്യത്തെ പ്രധാന ഇകോമേഴ്സ് സൈറ്റുകളിൽ ജയിലിൽ കഴിയുന്ന ഗുണ്ടാത്തലവൻ ലോറൻസ് ബിഷ്‌ണോയിയുടെ ചിത്രങ്ങളുള്ള ടീ-ഷർട്ടുകൾ വിൽപ്പനയ്‌ക്ക് വെച്ചത് വിവാദമാകുന്നു. ഫ്ലിപ്കാർട്ടിലും മീഷോയിലുമാണ് ടി ഷർട്ടിന്റെ വിൽപ്പന. ലോറൻസ് ബിഷ്‌ണോയിയുടെ ചിത്രമുള്ള വെള്ള ടീ-ഷർട്ടിൽ “ഗ്യാങ്‌സ്റ്റർ”, “റിയൽ ഹീറോ” എന്നീ വാക്കുകളും അച്ചടിച്ചിട്ടുണ്ട്. 168 രൂപയാണ് മീഷോയിൽ ഇതിന്റെ വില.
ക്രിമിനലുകളുടെ ചിത്രമുള്ള പ്രൊഡക്ടിന്റെ വിൽപ്പനയ്‌ക്കെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. ഇത്തരം വസ്ത്രങ്ങൾ കുട്ടികളുടെ കൈകളിൽ എത്തുന്നത് ആശങ്ക വർദ്ധിപ്പിക്കുന്നതായി മാദ്ധ്യമപ്രവർത്തകൻ അലിഷാൻ ജാഫ്രി ചൂണ്ടിക്കാാട്ടി. അലിഷാനാണ് വിഷയം പൊതുശ്രദ്ധയിൽ കൊണ്ടുവന്നത്.
“ഇന്ത്യയുടെ ഓൺലൈൻ റാഡിക്കലൈസേഷന്റെ” ഭയാനാകമായ ഉദാഹരണം എന്ന തലക്കെട്ടോടെ അദ്ദേഹം ടി-ഷർട്ടുകളുടെ സ്‌ക്രീൻഷോട്ട് എക്സ് അക്കൗണ്ടിൽ ഷെയർ ചെയ്തിട്ടുണ്ട്. യുവാക്കൾ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നത് തടയാൻ പോലീസും എൻഐഎയും പാടുപെടുന്ന ഈ സമയത്ത്, സോഷ്യൽ മീഡിയയിൽ സ്വാധീനം ചെലുത്തുന്നവർ ഗുണ്ടാകളെ പ്രമോട്ട് ചെയ്തും ഗുണ്ടാസംഘങ്ങളെ മഹത്വവൽക്കരിച്ചും പണം സമ്പാദിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംഭവം വിവാദമായതിന് പിന്നാലെ മീഷോ സൈറ്റിൽ നിന്നും ടീ ഷർട്ട് പിൻവലിച്ചിട്ടുണ്ട്. എന്നാൽ ഫ്ലിപ്പ്കാർട്ടിൽ 64 ശതമാനം വിലക്കിഴിവോടെ 249 രൂപയ്‌ക്ക് ഇപ്പോഴും ടീ വിൽക്കുന്നുണ്ട്.















