ബെംഗളൂരു: മദ്യപിച്ച് ലക്കുകെട്ട് വാഹനമോടിച്ച 20-കാരൻ യുവതിയുടെ ജീവനെടുത്തു. ബെംഗളൂരുവിലെ കെങ്കേരിയിലാണ് സംഭവം. ശനിയാഴ്ച വൈകിട്ടായിരുന്നു അപകടം നടന്നത്. 20 വയസുള്ള ധനുഷ് മദ്യലഹരിയിൽ മെഴ്സഡസ് ബെൻസ് ഓടിക്കുകയായിരുന്നു. ഇതിനിടെയാണ് റോഡ് മുറിച്ച് കടക്കുകയായിരുന്ന 30-കാരി സന്ധ്യയെ യുവാവ് ഇടിച്ചിട്ടത്.
കാർ കയറ്റിക്കൊന്ന ശേഷം സംഭവസ്ഥലത്ത് നിന്ന് ഓടിരക്ഷപ്പെടാൻ ധനുഷ് ശ്രമിച്ചെങ്കിലും നാട്ടുകാർ പിടികൂടി ‘കൈകാര്യം’ ചെയ്ത ശേഷം പൊലീസിൽ ഏൽപ്പിച്ചു. നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ് പ്രതി. ഇയാൾക്കെതിരെ നരഹത്യക്കാണ് കേസെടുത്തിരിക്കുന്നത്.
അടുത്തിടെയാണ് ധനുഷിന്റെ പിതാവ് വീർ ശിവ ആഡംബര കാർ വാങ്ങിയത്. വാഹനം ഓടിച്ചുനോക്കാൻ എടുത്ത മകൻ, സുഹൃത്തുമായി ചേർന്ന് യെശ്വന്ത്പൂരിലെ മാളിലെത്തി കറങ്ങുകയും മദ്യപിക്കുകയും ചെയ്തു. ശേഷം ലോംഗ് ഡ്രൈവിന് പോകാനായി മൈസൂരുവിലേക്ക് പുറപ്പെട്ടതിനിടെയാണ് യുവതിയെ ഇടിച്ചിട്ടത്.















