റാഞ്ചി: കോൺഗ്രസ്, ആർജെഡി തുടങ്ങിയ പാർട്ടികൾ ഹിന്ദു ധർമ്മത്തെ തകർക്കാനാണ് എന്നും ശ്രമിച്ചിട്ടുള്ളതെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അയോദ്ധ്യയിൽ രാമക്ഷേത്രം ഉയരാതിരിക്കാൻ അവർ പരമാവധി ശ്രമിച്ചുവെന്നും മോദി സർക്കാർ അധികാരത്തിലേറിയതുകൊണ്ട് മാത്രമാണ് രാമക്ഷേത്രം യാഥാർത്ഥ്യമായതെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. ഝാർഖണ്ഡിൽ തെരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
കോൺഗ്രസ്, ആർജെഡി, ജെഎംഎം പാർട്ടികളുടെ ഹിന്ദു വിരുദ്ധ നിലപടുകൾ തുറന്നുകാട്ടിയായിരുന്നു ഝാർഖണ്ഡിലെ ഹസാരിബാഗിൽ യുപി മുഖ്യമന്ത്രി തെരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിച്ചത്. കോൺഗ്രസ് അടക്കമുള്ള പാർട്ടികൾ ഹിന്ദു ധർമ്മത്തെ തകർക്കാനാണ് എന്നും ശ്രമിച്ചിട്ടുള്ളതെന്നും അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് അയോദ്ധ്യ രാമജന്മഭൂമിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യത്ത് ധർമ്മം സംരക്ഷിക്കാനും സമാധാനം ഉറപ്പാക്കാനും ബിജെപി സർക്കാരിന് സാധിച്ചു. ഉത്തർപ്രദേശിൽ ഗുണ്ടാ മാഫിയ സംഘങ്ങളെ പൂർണമായും അടിച്ചൊതുക്കിയെന്നും മറ്റ് പാർട്ടികളിൽ നിന്ന് വ്യത്യസ്തമായി ജനങ്ങളുടെ സമാധാനത്തിനും വികസനത്തിനുമാണ് ബിജെപി പ്രാധാന്യം നൽകുന്നതെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.
ഔറംഗസേബ് ഇന്ത്യയുടെ സമ്പത്ത് കൊള്ളയടിച്ചതുപോലെ, ക്ഷേത്രങ്ങൾ തകർത്തതുപോലെ, ജെഎംഎം നേതൃത്വം നൽകുന്ന സർക്കാരും മന്ത്രിമാരും ഝാർഖണ്ഡിലെ ജനങ്ങളെ കൊള്ളയടിക്കുകയാണ്. മാഫിയകൾക്ക് രക്ഷാകവചം ഒരുക്കാനാണ് ജെഎംഎം സർക്കാർ ശ്രമിച്ചിട്ടുള്ളത്. ഭൂമി, മണ്ണ്, വനം, ഖനനം, മദ്യം, തുടങ്ങി എല്ലാ സെക്ടറുകളിലും മാഫിയകളാണ് ഝാർഖണ്ഡിൽ വാഴുന്നത്. യുപിയിലെ പോലെ അത്തരം മാഫിയ സംഘത്തെ ബുൾഡോസ് ചെയ്ത് ഇല്ലാതാക്കാൻ ബിജെപിക്ക് വോട്ടു ചെയ്തേ മതിയാകൂവെന്നും ഝാർഖണ്ഡിലെ ജനങ്ങളോട് യുപി മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങൾക്ക് സമാധാനവും സുരക്ഷയും ഉറപ്പാക്കാനും സ്ത്രീകളെ ശാക്തീകരിക്കാനും യുവാക്കൾക്ക് ജോലി നൽകാനും ബിജെപിക്ക് മാത്രമേ സാധിക്കൂ. – യോഗി ആദിത്യനാഥ് പറഞ്ഞു. ഝാർഖണ്ഡിലെ 81 അംഗ സഭയിലേക്ക് നവംബർ 13, 20 തീയതികളിലായാണ് വോട്ടെടുപ്പ് നടക്കുന്നത്. 23-നാണ് വോട്ടെണ്ണൽ.