കൊച്ചി: ലൈംഗിക പീഡന പരാതിയിൽ നടൻ നിവിൻ പോളിക്ക് ക്ലീൻ ചിറ്റ്. താരത്തെ പ്രതിപ്പട്ടികയിൽ നിന്ന് അന്വേഷണസംഘം ഒഴിവാക്കി. കേസിനാസ്പദമായ സംഭവം നടന്നുവെന്ന് പറയപ്പെടുന്ന ദിവസങ്ങളിൽ നിവിൻ വിദേശത്തേക്ക് പോയിട്ടില്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ട് കോതമഗംലം മജിസ്ട്രേറ്റ് കോടതിയിൽ പൊലീസ് സമർപ്പിച്ചു.
ലൈംഗിക പീഡനാരോപണം ഉന്നയിച്ച് യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത എഫ്ഐആറിൽ ആറാം പ്രതിയായിരുന്നു നിവിൻ പോളി. നടന് മാത്രമാണ് നിലവിൽ ക്ലീൻ ചിറ്റ് ലഭിച്ചിരിക്കുന്നത്. പരാതിക്കാരി നിവിനെതിരെ ഉന്നയിച്ച ആരോപണത്തിൽ കഴമ്പില്ലെന്ന് പൊലീസ് കണ്ടെത്തി. ബാക്കിയുള്ള അഞ്ച് പേർക്കെതിരെ അന്വേഷണം തുടരും.
താൻ നിരപരാധിയാണെന്നും ഗൂഢാലോചനയുടെ ഭാഗമായാണ് തന്നെ ഇത്തരമൊരു കേസിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്നും വിശദമായ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് നിവിൻ പോളി പരാതി നൽകിയിരുന്നു. മുഖ്യമന്ത്രിക്കും പ്രത്യേക അന്വേഷണ സംഘത്തിനുമാണ് നിവിൻ പരാതി നൽകിയത്. വിദേശത്ത് വച്ച് പീഡിപ്പിച്ചുവെന്ന യുവതിയുടെ പരാതിയിൽ വിശദമായ അന്വേഷണം നടത്തിയ പൊലീസ്, പീഡനം നടന്നതായി പറയപ്പെടുന്ന തീയതികളിൽ നിവിൻ വിദേശത്തേക്ക് പോയിട്ടില്ലെന്ന് കണ്ടെത്തി. തുടർന്നാണ് നിവിൻ പോളിക്ക് ക്ലീൻചിറ്റ് ലഭിച്ചത്. കേസിൽ പ്രതി ചേർക്കപ്പെട്ടിട്ടുള്ള നിർമാതാക്കൾ അടക്കമുള്ള മറ്റ് പ്രതികൾക്കെതിരെ അന്വേഷണം പുരോഗമിക്കുകയാണ്.