ഗർഭകാലം അത്ര നല്ലതല്ലെന്ന് ബോളിവുഡ് നടി രാധയിക ആപ്തെ. താനും ഭർത്താവ് ബെനഡിക്ടും കുട്ടികളെ ആഗ്രഹിച്ചിരുന്നില്ലെന്നും ഗർഭിണിയായത് വലിയൊരു സർപ്രൈസും വഴിത്തിരിവുമായിരുന്നുവെന്നും നടി പറയുന്നു. ബിഎഫ്എ ലണ്ടൻ ഫിലിം ഫെസ്റ്റിവലിനെത്തിയപ്പോഴാണ് നടി ഗർഭിണിയാണെന്ന കാര്യം ഏവരും അറിഞ്ഞത്.
“ഈ പ്രീമിയറിന് വന്നില്ലായിരുന്നെങ്കിൽ ആരും ഇതിനെക്കുറിച്ച് അറിയില്ലായിരുന്നു. വയർ ആരും ശ്രദ്ധിക്കില്ലെന്ന് കരുതിയാണ് വന്നത്. ഞാൻ ഒരിക്കലും ഗർഭിണിയാണെന്നോ ഞങ്ങൾക്കൊരു കുഞ്ഞുണ്ടായെന്നോ ഒരിക്കലും പോസ്റ്റ് ചെയ്യാൻ പോകില്ല. കാരണം അത് തീർത്തും സ്വകാര്യവും വ്യക്തിപരവുമാണ്.
ഗർഭകാലം എന്നെ സംബന്ധിച്ച് അത്ര നല്ലതല്ല. അഞ്ചുദിവസമായി ഉറങ്ങിയിട്ടില്ല. മൂന്നുമാസം അതി കഠിനമായിരുന്നു. ഉറക്കം തീരെയില്ലായിരുന്നു.മല ബന്ധവും ഛർദ്ദിയും തളർച്ചയും എന്നെ വല്ലാതെ ബാധിച്ചു. എനിക്കോ ഭർത്താവിനോ കുഞ്ഞുങ്ങളെ വേണമെന്നുണ്ടായിരുന്നില്ല. ഇതൊരു സർപ്രൈസും വഴിത്തിരിവുമായിരുന്നു. ഇതിനോട് പൊരുത്തപ്പെടാൻ ഏറെ സമയമെടുത്തു. എനിക്ക് ഒരിക്കലും അമ്മയാകാൻ ആഗ്രഹമുണ്ടായിരുന്നില്ല. ഗർഭണിയാകുന്നതിനെക്കുറിച്ച് ഒന്നുമറിയില്ലായിരുന്നു. ശരീരം വലിയൊരു മാറ്റത്തിന് വിധേയമാകും.
ഗർഭണധാരണമെന്നത് പവിത്രമായൊരു കാര്യമാണ്. എന്നാൽ ആരും നിങ്ങളോട് സത്യം പറയുന്നില്ല. കാരണം ഇത് വളരെ കഠിനമാണ്. എന്നാൽ ചിലർക്ക് ഗർഭധാരണത്തിൽ വലിയ ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വരില്ല. കുഞ്ഞുണ്ടാകാനിരിക്കുമ്പോൾ സന്തോഷവതിയാകാനാണ് ചിലർ പറയുന്നത്. ഇത് കേൾക്കുമ്പോൾ അവരെ തല്ലാനാണ് തോന്നുന്നത്.എന്റെ ബുദ്ധിമുട്ടുകൾ പറയുമ്പോൾ സന്തോഷത്തോടെയിരിക്കാനാണ് പറയുന്നത്”.–നടി അഭിമുഖത്തിൽ പറഞ്ഞു.