അബുദാബി; പ്രാഥമിക ഓഹരി വില്പനയിൽ ലുലു റീട്ടെയ്ലിന് റെക്കോർഡ് നേട്ടം. 3 ലക്ഷം കോടി രൂപ സമാഹരിച്ച് യുഎഇയിലെ ഈ വർഷത്തെ ഏറ്റവും വലിയ ഐപിഒ എന്ന റെക്കോർഡ് ആണ് ലുലു റീട്ടെയ്ൽ സ്വന്തമാക്കിയത്. പ്രതീക്ഷിച്ചതിനെക്കാൾ 25 ഇരട്ടി അധിക സമാഹരണമാണ് ഐപിഒയിലൂടെ ലഭിച്ചത്.
അബുദാബി സെക്യുരിറ്റീസ് എക്സ്ചേഞ്ചിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച നിക്ഷേപക പങ്കാളിത്വത്തിന് സാക്ഷ്യംവഹിക്കുകയായിരുന്നു ലുലു ഐപിഒ സബ്സ്ക്രിബ്ഷൻ. 15,000 കോടി രൂപ ഉദേശിച്ചിരുന്നിടത്ത് 3 ലക്ഷം കോടി രൂപയിലധികമാണ് സമാഹരിച്ചത്. 82000 സബ്സ്ക്രൈബേഴ്സ് എന്ന റെക്കോർഡ് ലുലു സ്വന്തമാക്കി.
അബുദാബി പെൻഷൻ ഫണ്ട്, എമിറേറ്റ്സ് ഇന്റർനാഷ്ണൽ അൻവെസ്റ്റ്മെന്റ് കമ്പനി, ബഹ്റൈൻ മുംതലകത്ത് ഹോൾഡിങ്ങ്സ്, ഒമാൻ ഇൻവെസ്റ്റ്മെന്റ് അതോറിറ്റി, കുവൈറ്റ് ഇൻവെസ്റ്റ്മെന്റ് അതോറിറ്റി, ഖത്തർ ഇൻവെസ്റ്റ്മെന്റ് അതോറിറ്റി, സൗദി പിഐഎഫ്, ഹസാന പെൻഷൻ ഫണ്ട്, സിംഗപ്പൂർ സോവറിൻ വെൽത്ത് ഫണ്ട് തുടങ്ങിയവരാണ് പ്രധാന നിക്ഷേപകർ. ജിസിസി രാജകുടുംബങ്ങൾ, ജിസിസി സോവറിൻ വെൽത്ത് ഫണ്ട്, സിംഗപ്പൂർ വെൽത്ത് ഫണ്ട് അടക്കമുള്ളവരും നിക്ഷേപത്തിൽ ഭാഗമായി.
2.04 ദിർഹമാണ് ഓഹരിയുടെ അന്തിമ വിലയായി നിശ്ചയിച്ചിരിക്കുന്നത്. ഒക്ടോബർ 28ന് ആദ്യ മണിക്കൂറിൽ തന്നെ റെക്കോർഡ് സബ്സ്ക്രിബ്ഷനാണ് ലഭിച്ചത്. 10 വർഷത്തിനിടെ യുഎഇയിൽ ഒരു സർക്കാർ ഇതര സ്ഥാപനത്തിന്റെ ഐപിഒയ്ക്ക് ലഭിക്കുന്ന ഏറ്റവും വലിയ ഡിമാന്റാണിതെന്ന് വിപണി നിരീക്ഷകർ പറയുന്നു.
സബ്സ്ക്രിബ്ഷൻ ആരംഭിച്ച വൻ സ്വീകാര്യത പരിഗണിച്ച് ഓഹരി വിൽപ്പന 25% നിന്ന് 30% ആയി ഉയർത്തുകയായിരുന്നു. അര പതിറ്റാണ്ടിലേറെ നീണ്ട പ്രവർത്തനത്തിനൊടുവിലാണ് പൊതുനിക്ഷേപകർക്കായി ലുലു വാതിൽ തുറന്നത്. ഒരു ശതമാനം ഓഹരികൾ ലുലുവിന്റെ ജീവനക്കാർക്കായി നിശ്ചയിച്ചിരുന്നു.