റിയാദ് : സൗദി അറേബ്യയിൽ ചലച്ചിത്ര-ടെലിവിഷൻ നിർമ്മാണത്തിന് ഒരു പുതിയ യുഗം കുറിച്ചുകൊണ്ട് “അൽഹിസ്ൻ ബിഗ് ടൈം സ്റ്റുഡിയോ” പ്രവർത്തനം ആരംഭിച്ചു. റിയാദിൽ നിർമ്മിച്ച “അൽഹിസ്ൻ ബിഗ് ടൈം സ്റ്റുഡിയോ” സൗദി ജനറൽ എന്റർടൈൻമെന്റ് അതോറിറ്റി (ജിഇഎ) ചെയർമാൻ തുർക്കി അലൽഷിഖ് ഉദ്ഘാടനം ചെയ്തു.
പ്രീ-പ്രൊഡക്ഷൻ മുതൽ പോസ്റ്റ്-പ്രൊഡക്ഷൻ വരെയുള്ള സിനിമാ നിർമ്മാണത്തിന്റെ എല്ലാ മേഖലകളും ഉൾപ്പെടുന്ന ഒരു കേന്ദ്രീകൃത പ്രൊഡക്ഷൻ വില്ലേജ് ആണ് “അൽഹിസ്ൻ ബിഗ് ടൈം സ്റ്റുഡിയോ”. ആഗോള നിലവാരം നിലനിർത്തിക്കൊണ്ടുതന്നെ കുറഞ്ഞ ചെലവിൽ നിർമ്മാണ സുഗമമാക്കുന്നതിനുള്ള എല്ലാ സൗകര്യം ഈ സമുച്ചയത്തിലുണ്ട്.
മിഡിൽ ഈസ്റ്റിലെ തന്നെ ഏറ്റവും വിപുലവും നൂതനവുമായ സ്റ്റുഡിയോ ആണ് ഇതെന്നാണ് വിലയിരുത്തൽ. ഏഴ് സ്റ്റുഡിയോ കെട്ടിടങ്ങളിലായി 10,500 ചതുരശ്ര മീറ്റർ വിസ്തീർണ്ണം ഉണ്ട്. സമുച്ചയത്തിലെ മുഴുവൻ സൈറ്റും 300,000 ചതുരശ്ര മീറ്ററിൽ വ്യാപിച്ചുകിടക്കുന്നു. പൂർണ്ണമായും സംയോജിത പ്രൊഡക്ഷൻ ഹബ്ബായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന സ്റ്റുഡിയോകളിൽ കാർപന്ററി, ലോഹപ്പണികൾ, വസ്ത്രാലങ്കാരം എന്നിവയ്‌ക്കായുള്ള പ്രത്യേക വർക്ക്‌ഷോപ്പുകൾ, അത്യാധുനിക പ്രൊഡക്ഷൻ സ്യൂട്ടുകൾ, വിവിഐപി സ്യൂട്ടുകൾ, ഹൈടെക് എഡിറ്റിംഗ് റൂമുകൾ എന്നിവ ഒരുക്കിയിട്ടുണ്ട്. വിനോദ മേഖലയിൽ സൗദി അറേബ്യയുടെ സാന്നിധ്യം വർദ്ധിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.