ന്യൂയോർക്ക്: തെരഞ്ഞടുപ്പ് പരാജയത്തിൽ നിരാശരാകരുതെന്നും സ്വാതന്ത്ര്യത്തിനും തുല്യതയ്‌ക്കുമായുള്ള പോരാട്ടം തുടരണമെന്നും ഡെമോക്രാറ്റിക് പ്രവർത്തകരോട് ആഹ്വാനം ചെയ്ത് യുഎസ് വൈസ് വൈസ് പ്രസിഡന്റും ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥിയുമായ കമലാ ഹാരിസ്. തോൽവി വേദനയുണ്ടാക്കുന്നതാണെങ്കിലും ശുഭാപ്തിവിശ്വാസത്തോടെ മുന്നോട്ട് പോകണമെന്നും അവർ പറഞ്ഞു. വാഷിംഗ്ടണിൽ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.
” നിങ്ങൾ ഓരോരുത്തരും എന്നിൽ അർപ്പിച്ച വിശ്വാസത്തിന് ഈ അവസരത്തിൽ നന്ദി പറയുകയാണ്. ഈ തെരഞ്ഞെടുപ്പിന്റെ ഫലം നമ്മൾ ആഗ്രഹിച്ചതല്ല. ഇതിന് വേണ്ടി ആയിരുന്നില്ല നമ്മൾ പോരാടിയത്. എന്നാൽ നമ്മൾ തളരാതെ മുന്നോട്ട് പോകുന്നിടത്തോളം കാലം അമേരിക്കയ്‌ക്കായി നൽകിയ വാഗ്ദാനത്തിന്റെ വെളിച്ചവും തളരാതെ ജ്വലിച്ചുകൊണ്ടിരിക്കും.
ഇരുട്ടുള്ളപ്പോൾ മാത്രമേ നിങ്ങൾക്ക് നക്ഷത്രങ്ങളെ കാണാൻ സാധിക്കുകയുള്ളു. ഒരു ഇരുണ്ട സമയത്തിലേക്ക് കടക്കുകയാണെന്ന് നമ്മളിൽ പലർക്കും അറിയാം. പക്ഷേ ഇരുളിന്റെ ആകാശത്തിൽ നമുക്ക് പ്രതീക്ഷയുടയേും സത്യത്തിന്റേയും ശുഭാപ്തി വിശ്വാസത്തിന്റേയും ശതകോടി നക്ഷത്രങ്ങൾ നിറയ്‌ക്കാം. ഈ തെരഞ്ഞെടുപ്പ് ഫലം നമ്മൾ എല്ലാവരും അംഗീകരിക്കണം. നിയുക്ത പ്രസിഡന്റ് ട്രംപുമായി ഞാൻ സംസാരിക്കുകയും അദ്ദേഹം വിജയത്തിൽ അഭിനന്ദനങ്ങൾ അറിയിക്കുകയും ചെയ്തു. സമാധാനപരമായ ഭരണകൈമാറ്റത്തിന് തയ്യാറാണെന്ന് ഞാൻ അദ്ദേഹത്തെ അറിയിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് ഫലം എന്തുതന്നെയായാലും അത് അംഗീകരിക്കുക എന്നത് ജനാധിപത്യത്തിന്റെ അടിസ്ഥാനമാണെന്നും” കമല ഹാരിസ് പറഞ്ഞു.
തെരഞ്ഞെടുപ്പ് സമയത്ത് മുഴുവൻ സമയവും തന്നെ ചേർത്ത് നിർത്തിയ പ്രസിഡന്റ് ജോ ബൈഡനും പാർട്ടിയിലെ ഓരോ പ്രവർത്തകർക്കും നന്ദി അറിയിക്കുകയാണെന്നും അവർ കൂട്ടിച്ചേർത്തു. പ്രസിഡന്റ് ജോ ബൈഡനും ഡോണൾഡ് ട്രംപിന് അഭിനന്ദനങ്ങൾ അറിയിച്ചു. തന്റെ പിൻഗാമിയായി ട്രംപിനെ വൈറ്റ് ഹൗസിലേക്ക് ക്ഷണിച്ച അദ്ദേഹം, രാജ്യത്തെ ഒരുമിച്ച് മുന്നോട്ട് കൊണ്ടുപോകാൻ കഴിയട്ടെ എന്നും ആശംസിച്ചു.