തൃശൂർ: ഹണിട്രാപ്പിൽ വീഴ്‌ത്തി തൃശൂരിലെ വ്യാപാരിയിൽ നിന്നും രണ്ടരക്കോടി രൂപ തട്ടിയെടുത്ത ദമ്പതികൾ പിടിയിൽ. കൊല്ലം സ്വദേശികളായ ഷെമി (38) ഭർത്താവ് സോജൻ (32) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തട്ടിയെടുത്ത പണം ഉപയോഗിച്ച് വാങ്ങിയ നാല് ആഡംബര കാറുകളും 82 പവൻ സ്വർണവും തൃശൂർ സിറ്റിപൊലീസ് പിടിച്ചെടുത്തു.
ആഡംബര ജീവിതം നയിക്കുന്നതിനാണ് ഇവർ തട്ടിപ്പ് നടത്തിയതെന്നാണ് വിവരം. 2020 ലാണ് യുവതി 63 കാരനായ വ്യാപാരിയുമായി പരിചയത്തിലാവുന്നത്. 23 കാരിയായ വിദ്യാർത്ഥിനിയെന്നാണ് യുവതി സ്വയം പരിചയപ്പെടുത്തിയത്. വാട്ട്സ്ആപ്പിലൂടെ സൗഹൃദം സ്ഥാപിച്ച ഇവർ വ്യാപാരിയുടെ പക്കൽ നിന്നും പലപ്പോഴായായി ചെറിയ തുകകൾ കടം വാങ്ങിയിരുന്നു.
പിന്നീട് ലൈംഗിക ചുവയുള്ള സന്ദേശങ്ങൾ അയക്കാൻ തുടങ്ങിയ യുവതി വീഡിയോ കോളിലൂടെ നഗ്ന ശരീരം കാണിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു. ചാറ്റുകളും വീഡിയോകളും പുറത്തുവിടുമെന്ന ഭീഷണിയിൽ വലിയ തുകകൾ നൽകാൻ വ്യാപാരി നിർബന്ധിതനായി.
കയ്യിലുള്ള പണം തീർന്നിട്ടും കാശ് ആവശ്യപ്പെട്ടതോടെ ഭാര്യയുടെ സ്വർണാഭരണങ്ങൾ പണയം വച്ചും, ഭാര്യയുടെയും ഭാര്യാ മാതാവിന്റെയും ബാങ്കിലെ സ്ഥിര നിക്ഷേപങ്ങൾ പിൻവലിച്ചും രണ്ടരക്കോടിയോളം രൂപ യുവതിയുടെ അക്കൗണ്ടിലേക്ക് ഇട്ടു നൽകി. വീണ്ടും ഭീഷണി തുടർന്നതോടെ മാറ്റ് മാർഗങ്ങളില്ലാതെയാണ് ഇയാൾ പൊലീസിൽ പരാതി നൽകിയത്. പൊലീസ് അന്വേഷണം ആരംഭിച്ചതറിഞ്ഞ് ദമ്പതികൾ ഒളിവിൽ പോയി. ഇവരുടെ നീക്കങ്ങൾ നിരീക്ഷിച്ച പൊലീസ് പ്രതികളെ അങ്കമാലിയിൽ നിന്നും പിടികൂടുകയായിരുന്നു.