തിരുവനന്തപുരം: കോൺഗ്രസ് നേതാക്കൾ നീല ട്രോളി ബാഗ് ഉപയോഗിച്ച് കള്ളപ്പണം എത്തിച്ചെന്ന ആരോപണം ഉയർന്നതോടെ സംഭവത്തിൽ റിപ്പോർട്ട് തേടി തെരഞ്ഞെടുപ്പ് കമ്മീഷൻ. പാലക്കാട് ജില്ലയുടെ തെരഞ്ഞെടുപ്പ് ചുമതലയുള്ള കളക്ടറോടാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട്ട് തേടിയത്.
കോൺഗ്രസ് നേതാക്കളുടെ മുറികളിൽ നടത്തിയ റെയ്ഡിനെ സംബന്ധിച്ചുള്ള റിപ്പോർട്ട് നൽകണമെന്നാണ് നിർദേശം. പ്രാഥമിക റിപ്പോർട്ട് ലഭിച്ച ശേഷമായിരിക്കും തുടർ നടപടി.
ഇന്നലെ പുലർച്ചെയാണ് പാലക്കാട് കെപിഎം ഹോട്ടലിൽ പൊലീസ് റെയ്ഡ് നടന്നത്. കോൺഗ്രസ് നേതാക്കൾ കള്ളപ്പണം എത്തിച്ചിട്ടുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. നീല ട്രോളി ബാഗിൽ കള്ളപ്പണം എത്തിച്ചെന്ന ആരോപണത്തിന് പിന്നാലെ ബാഗുമായി കോൺഗ്രസ് നേതാക്കൾ ഹോട്ടലിലെത്തുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
രാഹുൽ മാങ്കൂട്ടത്തിൽ, ഷാഫി പറമ്പിൽ, വി.കെ ശ്രീകണ്ഠൻ, ജ്യോതികുമാർ ചാമക്കാല, ആരോപണ വിധേയനായ കെഎസ്‌യു പ്രവർത്തകൻ ഫെനി നൈനാൻ എന്നിവർ ദൃശ്യങ്ങളിലുണ്ട്. എന്നാൽ താൻ കൊണ്ടുവന്ന വസ്ത്രങ്ങളായിരുന്നു ബാഗിലുണ്ടായിരുന്നതെന്നാണ് രാഹുലിന്റെ മറുപടി.