ലക്നൗ : നാലു പതിറ്റാണ്ട് മുൻപ് മതം മാറിയവരുടെ പിൻഗാമികൾ വീണ്ടും ഹിന്ദുമതത്തിലേയ്‌ക്ക് മടങ്ങിയെത്തി . ഉത്തർപ്രദേശിലെ അംബേദ്കർ നഗറിലെ അക്ബർപൂർ, ജലാൽപൂർ, തണ്ട എന്നിവിടങ്ങളിൽ നിന്നുള്ള മൂന്ന് കുടുംബങ്ങളിലെ എട്ട് അംഗങ്ങളാണ് മുസ്ലീം വിശ്വാസം ഉപേക്ഷിച്ച് ഹിന്ദു മതം സ്വീകരിച്ചത്.
ഖലീൽ, സുബേർ , സബ്രീൻ , അസ്മത്ത് അലി, തസ്ലിം, നൂർജഹാൻ,നൂർ മുഹമ്മദ്,ബർകത്ത് അലി എന്നിവരാണ് സനാതന ധർമ്മത്തിലെത്തിയത് . വർഷങ്ങൾക്ക് മുൻപ് ഹിന്ദുമതത്തിലെ കഹാർ വിഭാഗത്തിൽ ഉൾപ്പെട്ടവരായിരുന്നു തങ്ങളെന്ന് ഇവർ പറഞ്ഞു. ഇനി ഹിന്ദുമതത്തിൽ എക്കാലവും തുടരുമെന്നും ഇവർ പറയുന്നു.
ഇവരെല്ലാം ജില്ലാ മജിസ്‌ട്രേറ്റിന്റെ ഓഫീസിൽ സത്യവാങ്മൂലം സമർപ്പിച്ച ശേഷമാണ് ചടങ്ങുകളിൽ പങ്കെടുത്തത് .ഡെപ്യൂട്ടി ജില്ലാ മജിസ്‌ട്രേറ്റ് രവികാന്ത് ചൗബെ അപേക്ഷ അംഗീകരിച്ച് നടപടികൾ സ്വീകരിച്ചു.
അയോധ്യയിലെ പ്രശസ്തനായ മഹന്ത് രാജു ദാസ്, സാമൂഹിക പ്രവർത്തകൻ അരവിന്ദ് പാണ്ഡെ എന്നിവരും ചടങ്ങിൽ സംബന്ധിച്ചു .തങ്ങളുടെ പൂർവികരുടെ പാരമ്പര്യത്തിലേക്ക് പലരും സ്വമേധയാ മടങ്ങുകയാണെന്ന് മഹന്ത് രാജു ദാസ് പറഞ്ഞു.