മണിരത്നവും കമൽഹാസനും നായകന് ശേഷം ഒന്നിക്കുന്ന ‘തഗ് ലൈഫിന്റെ ടീസർ പുറത്തുവിട്ടു. റിലീസ് തീയതി പ്രഖ്യാപിച്ച ടീസറാണ് കമലിന്റെ ജന്മദിനത്തിന് പുറത്തിറക്കിയത്. ആക്ഷന് പ്രാധാന്യം നൽകുന്ന ഗ്യാങ്സ്റ്റർ ചിത്രമെന്നാണ് ടീസർ നൽകുന്ന സൂചന. 36 വർഷത്തിന് ശേഷമാണ് കമലും മണിരത്നവും ഒന്നിക്കുന്നത്. മനോഹരമായ വിഷ്വലുകളാണ് ടീസറിൽ എടുത്ത് പറയേണ്ട മറ്റൊരു കാര്യം.
ചിത്രം അടുത്ത വർഷം ജൂൺ അഞ്ചിന് തിയറ്ററുകളിലെത്തും. സിനിമയിൽ രണ്ട് ഗെറ്റപ്പിലാണ് കമൽ ഹാസൻ എത്തുന്നത്. രോമാഞ്ചം പകരുന്ന ടീസറിൽ ചിമ്പുവിനെയും കാണാം. തൃഷ, നാസർ, ജോജു ജോർജ്, അലി ഫസൽ, അശോക് സെൽവൻ, നാസർ, വയ്യാപൂരി, ഐശ്വര്യ ലക്ഷ്മി, അഭിരാമി, സാനിയ മൽഹോത്ര എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഛായാഗ്രാഹകൻ- രവി കെ ചന്ദ്രൻ, സംഗീത പകരുന്നത് എ.ആർ റഹ്മാനാണ്. ശ്രീകർ പ്രസാദാണ് ചിത്രസംയോജനം. അൻപറിവാണ് ആക്ഷൻ കൊറിയോഗ്രഫി നിർവഹിക്കുന്നത്. രഞ്ജിത്ത് അമ്പാടിയാണ് മേക്കപ്പ്. രാജ്കമൽ ഫിലിം ഇൻ്റർനാഷണൽ, മദ്രാസ് ടാക്കീസ് എന്നീ ബാനറുകളിൽ കമൽ ഹാസൻ, മണി രത്‌നം, ആർ മഹേന്ദ്രൻ, ശിവ ആനന്ദ് എന്നിവരാണ് തഗ് ലൈഫിന്റെ നിർമാണം.















