കൊച്ചി: ഐഎസ്‌എലിൽ ഹൈദരാബാദ് എഫ്‌സിക്കെതിരെ ലീഡ് നേടിയ ശേഷം കേരള ബ്ലാസ്‌റ്റേഴ്‌സിന് തോൽവി (1–-2). ജീസെസ് ഹിമിനെസിന്റെ തകർപ്പൻ ഗോളിൽ ലീഡ് നേടിയ ബ്ലാസ്‌റ്റേഴ്‌സ് പിന്നീട് കളി മറക്കുകയായിരുന്നു. ഇതിനിടെ ആന്ദ്രേ അൽബ ഇരട്ടഗോളുമായി ഹൈദരാബാദിന് ജയം നൽകി. എട്ട് കളിയിൽ എട്ട് പോയിന്റുമായി പത്താമതാണ് ബ്ലാസ്‌റ്റേഴ്‌സ്.
ഹൈദരാബാദിനെതിരെ മാറ്റങ്ങളുമായാണ് ബ്ലാസ്‌റ്റേഴ്‌സ് ഇറങ്ങിയത്. പ്രതിരോധത്തിൽ പ്രീതം കോട്ടൽ പുറത്തിരുന്നു. പകരം മിലോസ് ഡ്രിൻസിച്ച് എത്തി. മധ്യനിരയിൽ ഡാനിഷ് ഫാറൂഖുമുണ്ടായില്ല. മുഹമ്മദ് അയ്‌മനാണ് പകരമായെത്തിയത്. മുംബൈക്കെതിരെ ചുവപ്പകാർഡ് കണ്ട് പുറത്തായ ക്വാമി പെപ്രയ്‌ക്ക് പകരം കോറു സിങ്ങുമെത്തി. മത്സരത്തിന്റെ തുടക്കത്തിൽതന്നെ സന്ദീപ് സിംഗിന്റെ ഷോട്ട് പോസ്‌റ്റിൽ തട്ടിത്തെറിച്ചു.
പന്ത്രണ്ടാം മിനിറ്റിൽ ഹിമിനെസിന്റെ മിന്നും ഗോളിൽ ബ്ലാസ്‌റ്റേഴ്‌സ് അക്കൗണ്ട് തുറന്നു. വലതുവശത്ത് കോറു നടത്തിയ ഒന്നാന്തരം നീക്കമായിരുന്നു ഗോളിന് വഴിയൊരുക്കിയത്. സ്‌പാനിഷുകാരന്റെ സീസണിലെ ആറാം ഗോളായിരുന്നു ഇത്. ഇതിനിടെ ബ്ലാസ്‌റ്റേഴ്‌സിന് കനത്ത തിരിച്ചടി. മികച്ച രീതിയിൽ കളിക്കുകയായിരുന്ന അയ്‌മന് പരിക്കേറ്റു. മുപ്പത്തിമൂന്നാം മിനിറ്റിൽ അയ്‌മന് പകരം ഫ്രെഡിയെത്തി.
ഇടവേളയ്‌ക്ക് പിരിയുന്നതിന് തൊട്ടുമുമ്പ് ആൽബയുടെ ഗോളിൽ ഹൈദരാബാദ് സമനില പിടിച്ചു. ശ്രിവാസാണ് അവസരമൊരുക്കിയത്.ഇടവേളയ്‌ക്കുശേഷം ആവേശമുയർത്തി നോഹ സദൂയ് എത്തി.കോറു സിംഗിന് പകരം രാഹുൽ കെപിയും വന്നു. കളത്തിലിറങ്ങി നിമിഷങ്ങൾക്കുള്ളിൽ രാഹുലിന് ഒന്നാന്തരം അവസരം കിട്ടി. സദൂയ് ഗോൾമുഖത്തേക്ക് തൊടുത്ത തകർപ്പൻ ക്രോസിൽ രാഹുൽ തലവച്ചെങ്കിലും പന്ത് പുറത്തുപോയി. 70–-ാം മിനിറ്റിൽ ബ്ലാസ്‌റ്റേഴ്‌സ് പെനൽറ്റി വഴങ്ങി. ഹോർമിപാമിന്റെ ഹാൻഡ് ബോളിനായിരുന്നു പെനൽറ്റി. ആൽബ ഇരട്ടഗോളുമായി ഹൈദരാബാദിന് ലീഡും നൽകി. അവസാന നിമിഷങ്ങളിൽ ബ്ലാസ്‌റ്റേഴ്‌സ് ആക്രമണം അഴിച്ചുവിട്ടെങ്കിലും ഫലം മാറിയില്ല.24ന് ചെന്നൈയിൻ എഫ്‌സിയുമായി കൊച്ചിയിലാണ് അടുത്ത മത്സരം.