ന്യൂഡൽഹി: തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിടാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് മഹാരാഷ്ട്രയിലെത്തും. ധൂലെ, നാസിക് എന്നിവിടങ്ങളിൽ സംഘടിപ്പിക്കുന്ന തെരഞ്ഞെടുപ്പ് റാലിയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. ഈ മാസം 12-ന് പൂനെയിൽ നടക്കുന്ന റോഡ് ഷോയിലും പ്രധാനമന്ത്രി പങ്കെടുക്കും.
നിയമസഭാ തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ മഹായുതി സഖ്യവും പ്രതിപക്ഷമായ മഹാ വികാസ് അഘാഡിയും തമ്മിലാണ് പോരാട്ടം. മഹായുതി സഖ്യത്തിൽ ബിജെപി, ശിവസേന, അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എൻസിപി എന്നീ പാർട്ടികളാണ് ഉൾപ്പെട്ടിരിക്കുന്നത്. എംവിഎ സഖ്യത്തിൽ ശിവസേന (ഉദ്ധവ് പക്ഷം), എൻസിപി (ശരദ് പവാർ പക്ഷം), കോൺഗ്രസ് എന്നിവയും ഉൾപ്പെടുന്നു.
288 അംഗ മഹാരാഷ്ട്ര നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് നവംബർ 20-നാണ് നടക്കുന്നത്. മൂന്ന് ദിവസത്തിന് ശേഷമായിരിക്കും വോട്ടെണ്ണൽ നടക്കുക. 2019-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി 105 സീറ്റും ശിവസേന 56 സീറ്റും കോൺഗ്രസ് 44 സീറ്റുമാണ് നേടിയത്.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും മഹാരാഷ്ട്രയിൽ എത്തും. ഷിരാല, കരാഡ് സൗത്ത്, സാഗ്ലി, ഇചൽകരഞ്ജി എന്നീ മണ്ഡലങ്ങളിലെ നാല് പൊതുസമ്മേളനങ്ങളെ അമിത് ഷാ അഭിസംബോധന ചെയ്യും.