കണ്ണൂർ: നവീൻ ബാബുവിന്റെ മരണത്തിൽ ആത്മഹത്യാ പ്രേരണകുറ്റം ചുമത്തിയ പി പി ദിവ്യക്ക് ജാമ്യം അനുവദിച്ചതിനെതിരെ നിയമ പോരാട്ടം തുടരുമെന്ന് നവീൻ ബാബുവിന്റെ കുടുംബം. ജാമ്യം കിട്ടുമെന്ന് കരുതിയില്ല. അഭിഭാഷകരുമായി കൂടിയാലോചിച്ച് തുടർ നടപടികൾ സ്വീകരിക്കുമെന്നും നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ പറഞ്ഞു.
അതേസമയം കേസിൽ നവീൻ ബാബുവിന്റെ കുടുംബത്തിന്റെ മൊഴി രേഖപ്പെടുത്തും. രണ്ട് ദിവസത്തിനകം നവീന്റെ പത്തനംതിട്ടയിലെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തുമെന്ന് പൊലീസ് പറഞ്ഞു. ജാമ്യേപേക്ഷയുടെ വാദത്തിനിടെ മഞ്ജുഷയുടെ മൊഴി രേഖപ്പെടുത്തിയില്ലെന്ന് അഭിഭാഷക കോടതിയെ അറിയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് കുടുംബത്തിന്റെ മൊഴി എടുക്കാൻ തീരുമാനം.
പി പി ദിവ്യക്ക് ജാമ്യം അനുവദിച്ചതിൽ സന്തോഷം രേഖപ്പെടുത്തി ദിവ്യയുടെ അഭിഭാഷകനും ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യാ അദ്ധ്യക്ഷയായ പി കെ ശ്രീമതിയും രംഗത്തെത്തിയിരുന്നു. വസ്തുതകൾ പരിശോധിച്ചാണ് കോടതി ജാമ്യം അനുവദിച്ചതെന്നും ചാരത്തിനിടയ്‌ക്ക് കനൽകട്ട പോലെ സത്യമുണ്ടെന്നും അത് മറ നീക്കി പുറത്തുവരേണ്ടതുണ്ടെന്നും ആയിരുന്നു അഭിഭാഷകൻ വിശ്വന്റെ പ്രതികരണം.















