കാസർകോട്: തനിക്ക് നേരെ ഉണ്ടായ ആക്രമണത്തിൽ പ്രതികരണവുമായി കാസർകോട് എടനീർ മഠാധിപതി സച്ചിദാനന്ദ ഭാരതി. വാഹനത്തിൽ നിന്ന് ഇറങ്ങാതിരുന്നതുകൊണ്ടാണ് താൻ ആക്രമിക്കപ്പെടാതിരുന്നതെന്ന് സ്വാമികൾ പറഞ്ഞു. ഹിന്ദു സമാജത്തിനെതിരെയുള്ള ആക്രമണമായാണ് സമൂഹം ഇതിനെ വിലയിരുത്തുന്നത്. അതിനാൽ കേസിലെ പ്രതികളെ ഉടൻ പിടികൂടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രതികളെ എത്രയും വേഗം പിടികൂടണമെന്നാവശ്യപ്പെട്ട ഹിന്ദു ഐക്യവേദി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
സംസ്ഥാന റോഡ് സൈക്ലിംഗ് മത്സരത്തിന്റെ വോളന്റിയർമാരാണ് ആക്രമിച്ചതെന്ന് സ്വാമി പറഞ്ഞു. യാത്രയുടെ ഉദ്ദേശ്യം വ്യക്തമാക്കിയിട്ടും ആക്രമിക്കുകയായിരുന്നു. പലതവണ വാഹനം തടഞ്ഞു. വണ്ടിയുടെ ചില്ല് അടിച്ച് തകർത്തു. തടയുമ്പോൾ വാഹനത്തിന്റെ ഫോട്ടോ എടുത്ത് അടുത്ത സ്ഥലത്തുനിൽക്കുന്നവർക്ക് അയച്ചുകൊടുക്കുകയും അവിടെയും അക്രമികൾ തങ്ങളുടെ വാഹനം തടയുന്ന സ്ഥിതിയുണ്ടായെന്ന് അദ്ദേഹം പറഞ്ഞു.
നവംബർ 3 നാണ് സംഭവം. ബോവിക്കാനം-ഇരിയണ്ണി റോഡിൽവച്ചാണ് സ്വാമിജിയുടെ കാറിനു നേരെ ആക്രമണം ഉണ്ടായത്. കണ്ണൂർ ചെറുപുഴയിലെ മുത്തപ്പൻ ക്ഷേത്രത്തിലെ കട്ടളവെപ്പ് ചടങ്ങു കഴിഞ്ഞ് മഠത്തിലേക്ക് തിരിച്ച് വരുന്ന വഴിക്കാണ് സംഭവം. വാഹനം തടഞ്ഞ അക്രമികൾ വടികൊണ്ട് വടികൊണ്ട് കാറിന്റെ ചില്ലുകൾ തകർക്കുകയായിരുന്നു. സംഭവത്തെ നിരവധി ഹിന്ദു അനുകൂല സംഘടനകൾ അപലപിക്കുകയും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.















