പാലക്കാട്: നീല ട്രോളി ബാഗ് വിഷയത്തിലും യുഡിഎഫ് -എൽഡിഎഫ് അന്തർധാര വളരെ സജീവമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. എൽഡിഎഫും യുഡിഎഫും തമ്മിൽ വ്യക്തമായൊരു ഡീലുണ്ട്. കോൺഗ്രസിനെ പിണറായിയുടെ പൊലീസാണ് സംരക്ഷിക്കുന്നതെന്നും കെ സുരേന്ദ്രൻ പറഞ്ഞു. പാലക്കാട് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ജനംടിവിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഇ ശ്രീധരനെ പരാജയപ്പെടുത്താൻ ഇരുമുന്നണികളും ഒരുമിച്ച് പ്രവർത്തിച്ചു. ഇത്തവണയും ഇരുമുന്നണികളും ഒറ്റക്കെട്ടായി നിൽക്കുകയാണ്. എന്നാൽ, ഇപ്പോൾ ജനങ്ങൾ ഈ രണ്ട് മുന്നണികൾക്കെതിരെ ചിന്തിക്കുന്ന ഒരു സ്ഥിതി വന്നിരിക്കുന്നു. ഒരു വലിയ ജനവിഭാഗത്തെ ആക്ഷേപിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന യുഡിഎഫിനും എൽഡിഎഫിനുമെതിരെയുള്ള വിധി എഴുത്തായിരിക്കും ജനങ്ങൾ നൽകാൻ പോകുന്നത്.
വരുന്ന ഉപതെരഞ്ഞെടുപ്പിൽ ബിജെപി വലിയ മുന്നേറ്റമുണ്ടാക്കും. പൊലീസിന്റെ സംരക്ഷണയിലാണ് അവർ ഓരോന്നും ചെയ്യുന്നത്. സിപിഎമ്മിലെ ഒരു വിഭാഗം പ്രവർത്തകർ വിവരങ്ങളെല്ലാം കോൺഗ്രസിന് ചോർത്തി കൊടുക്കുന്നുണ്ട്. കള്ളപ്പണം ഇടപാട് മറച്ചുവയ്ക്കാൻ ശ്രമിക്കുന്നതും സർക്കാർ തന്നെയാണ്. പിണറായി വിജയൻ എന്തിനാണ് ആഭ്യന്തര വകുപ്പിന്റെ ചുമതലയിൽ ഇരിക്കുന്നത്.
പ്രതിപക്ഷത്തിന്റെ കൈയ്യിൽ നിന്നും കള്ളപ്പണം പിടിക്കാൻ അവസരമുണ്ടായിട്ടും അത് ചെയ്യാതെ പ്രതികൾക്ക് രക്ഷപ്പെടുന്നതിനുള്ള സൗകര്യമാണ് പൊലീസ് ഒരുക്കി കൊടുത്തത്. കള്ളപ്പണം വരുകയും അത് അവിടെ നിന്ന് മാറ്റുകയും ചെയ്തത് പകൽ പോലെ വ്യക്തമാണെന്നും കെ സുരേന്ദ്രൻ ജനംടിവിയോട് പറഞ്ഞു.