തലമുടിയിൽ പലവിധ പരീഷണങ്ങൾക്ക് വിധേയരാകുന്ന യുവാക്കളും യുവതികളുമുണ്ട്. ഇതിനായി ആയിരങ്ങളും പതിനായിരങ്ങളും മുടക്കാൻ മടിയില്ലാത്തവരാണേറെയും. മുടിക്ക് പ്രത്യേക ട്രീറ്റ്മെന്റുകൾ നൽകി സ്റ്റൈലിംഗുകൾ ചെയ്യുന്നവരും സാധാരണ സലൂണിലെത്തി വിവിധ ഹെയർ സ്റ്റൈലുകൾ പരീക്ഷിക്കുന്നവരും ചില്ലറയല്ല. എന്നാലിപ്പോൾ ഒരു മുടിവെട്ട് ചോരക്കളിയായി മാറിയൊരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗായത്.
ഒരു സലൂണിൽ നിന്നുള്ളതാണ് വീഡിയോ. ഇത് എവിടെ നിന്നുള്ളതാണെന്നോ എന്ന് സംഭവിച്ചതാണെന്നോ വ്യക്തമല്ല. യുവാവിന്റെ മുടിയൊക്കെ വെട്ടിക്കഴിഞ്ഞ് ചെറിയൊരു മിനുക്ക് പണിയിലായിരുന്നു ബാർബർ. പുരികത്തിൽ മൂർച്ചയേറിയ ബ്ലേഡ് അമർത്തി വച്ച ശേഷം ഇവിടെ ഒരു സ്റ്റൈൽ പരീക്ഷിക്കുകയായിരുന്നു. പുരികത്തിൽ ബ്ലേഡ് വച്ച ശേഷം യുവാവിന്റെ തല ബാർബർ പിന്നോട്ടേക്ക് വലിച്ചു.
ഇതോടെ കളി കാര്യമായി. യുവാവിന്റെ നെറ്റിയിൽ നിന്ന് ചോര പൊടിഞ്ഞു. നീളത്തിൽ ഒരു കീറലും വീണു. കസേരയിൽ ഇരുന്ന യുവാവ് കൈ കൊണ്ട് മുറിവ് പൊത്തുന്നതും പിന്നാലെ ബാർബർ ടിഷ്യൂ പേപ്പർ നൽകുന്നതും വീഡിയോയിൽ കാണാമായിരുന്നു. എന്നാൽ ഇത് മനഃപൂർവം വീഡിയോ ചിത്രീകരണത്തിന് വേണ്ടി ചെയ്തതാണെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.















